Image: ANI, Manorama

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുന്ന ഡി.കെ. ശിവകുമാറിന്റെ കുടുംബ ജ്യോത്സ്യനാണ് ബെല്ലൂര്‍ ദ്വാരകാനാഥ്. ശിവകുമാറിന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ദ്വാരകാനാഥ്. ഇപ്പോഴിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസവും തിയ്യതിയും തീരുമാനിച്ചത് ഇദ്ദേഹം തന്നെയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം ദ്വാരകാനാഥിന്‍റെ നിര്‍ദേശമനുസരിച്ചാണ് ഡി.കെ കാര്യങ്ങള്‍ നീക്കുന്നതെന്ന വാര്‍ത്തകള്‍ മുന്‍പും വന്നിട്ടുണ്ട്.

ശിവകുമാറിനും സഹോദരൻ ഡി.കെ. സുരേഷിനും വേണ്ടി നിരവധി പൂജകളും യാഗങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടത്താറുണ്ട്. കേരളത്തിലെ പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഉള്‍പ്പെടെ ഇദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം ഡി.കെ വഴിപാടുകള്‍ നടത്തിയ വാര്‍ത്തകളും മുന്‍പു വന്നിട്ടുണ്ട്.

ജൂണ്‍ 05, വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഇനിവരാനിരിക്കുന്ന ഏറ്റവും മംഗളമുഹൂര്‍ത്തമെന്നാണ് ദ്വാരകാനാഥ് പറയുന്നത്. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഡിസംബര്‍ മാസം വരെയുള്ളതില്‍ വച്ചേറ്റവും നല്ല മുഹൂര്‍ത്തമാണ് താന്‍ ഡി.കെയ്ക്ക് നല്‍കിയതെന്നും അത് തന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു. കര്‍ണാടക രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമായ ഒരു സമയത്താണ് ഡി.കെ മുഖ്യമന്ത്രിക്കസേരയിലെത്തുന്നതെന്നും ഒട്ടും എളുപ്പമായിരിക്കില്ല ഈ പാതയെന്നും ജ്യോത്സ്യന്‍ പറയുന്നു. രാഷ്ട്രീയമായും അല്ലാതെയും പല വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. മുള്ളുകളില്‍ ചവിട്ടിയാകും മുന്നേറേണ്ടിവരിക. ഒരു വര്‍ഷം കൊണ്ട് ഡി.കെ മുഖ്യമന്ത്രിക്കസേരയില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിക്കേണ്ടതാണ്. ഇതിനുള്ളില്‍ പാര്‍ട്ടിയെ പുനക്രമീകരിക്കുകയും കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും വേണം.

2028ലെ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തേയും പാര്‍ട്ടിയേയും സജ്ജമാക്കണം. താന്‍ മകനെപ്പോലെ കാണുന്ന ഡി.കെയുടെ എല്ലാ നീക്കങ്ങളും കൃത്യമായിരിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.

D.K. Shivakumar's Political Decisions Influenced by Astrologer:

D.K. Shivakumar's family astrologer, Bellur Dwarakanath, has determined the auspicious time for his Karnataka Chief Minister swearing-in ceremony. Dwarakanath, who has a significant influence on Shivakumar's personal and political life, has previously guided him during election times and organized various rituals for him and his brother, D.K. Suresh.