E20 പെട്രോളിനെക്കുറിച്ച് കെട്ടടങ്ങാതെ പുതിയ വിവാദങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. കര്‍ണാടക സര്‍ക്കാര്‍ വ്യത്യസ്ത പമ്പുകളില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് അളവ് നിഷ്കര്‍ഷിക്കുന്ന 20 ശതമാനം എഥനോള്‍ എന്ന കണക്കില്‍ നിന്ന് വളരെ വ്യത്യസ്തമായ കണക്കില്‍ പമ്പുകള്‍ E20 പെട്രോള്‍ വില്‍ക്കുന്നത് കണ്ടെത്തിയത്.

കര്‍ണാടക സര്‍ക്കാര്‍ 63 പമ്പുകളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. പിന്നാലെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളിലേക്ക് പരിശോധിക്കാനായി അയച്ചു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ ഈ കമ്പനികള്‍ക്ക് സാധിച്ചില്ല. ഇതോടെ സംശയം തോന്നിയ  കര്‍ണാടക സര്‍ക്കാര്‍ ഇവ സ്വകാര്യ ലാബുകള്‍ക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. ഈ പരിശോധനാഫലങ്ങളാണ് 20 ശതമാനത്തിലധികം എഥനോള്‍ പല പമ്പുകളിലെ E20 പെട്രോളിലുമുണ്ട് എന്ന് കണ്ടെത്തിയത്. ഏറ്റവും കൂടിയ അളവില്‍ ഒരു കമ്പനിയുടെ പമ്പില്‍ 31.2 ശതമാനം എഥനോള്‍ കണ്ടെത്തി. ഏറ്റവും കുറവ് എഥനോള്‍ കണ്ടെത്തിയ പമ്പില്‍ അത് 25.5 ശതമാനായിരുന്നു.

ഇതോടെ വാഹനങ്ങളുടെ മൈലേജ് കുറയുന്നതിനും എഞ്ചിന്‍ കേടാകുന്നതിനും E20 പെട്രോള്‍ കാരണമാകുന്നെന്ന വാദം കൂടുതല്‍ ശക്തമായി ഉയരുകയാണ്. പെട്രോള്‍ കുറഞ്ഞ അളവില്‍ വിറ്റ് ജനങ്ങളെ പറ്റിക്കുകയാണ് എണ്ണക്കമ്പനികള്‍ എന്നും വിമര്‍ശനമുയരുന്നുണ്ട്. 

പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നത് മൂലം ഇന്ധനക്ഷമത (മൈലേജ്) കുറയുന്നതും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് വർദ്ധിക്കുന്നതും ഉൾപ്പെടെയുള്ള നഷ്ടങ്ങൾക്ക് വാഹന ഉടമകൾക്ക് പരിഹാരം നൽകുന്നതിനായി കേന്ദ്ര സർക്കാർ ഒരു നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്ന് കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി റിസ്‌വാൻ അർഷാദ് പിന്നാലെ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Malayala Manorama Online News covers the latest E20 petrol controversy in Karnataka where private lab tests revealed ethanol blending exceeding the mandated 20 percent limit. This unexpected variation has raised serious concerns among vehicle owners regarding engine damage and reduced fuel mileage.