കർണാടകയിൽ ബസ് ചാർജ് കൂടിയതിന്റെ അധികഭാരം മലയാളികളും അനുഭവിക്കേണ്ടിവരും. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാക്കൂലിയും വരും ദിവസങ്ങളിൽ കൂടും. മൈസൂരു വഴി ബെംഗളൂരൂവിലെത്തുന്ന മലബാറുകാരെയാകും ടിക്കറ്റ് നിരക്ക് വർധന കൂടുതൽ ബാധിക്കുക.
കേരളവും കർണാടകയും തമ്മിലുള്ള ധാരണ പ്രകാരം ഏതെങ്കിലും ഒരു സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടിയാൽ അത് അന്തർസംസ്ഥാന ബസുകളുടെ നിരക്കുകളെയും ബാധിക്കും. അതായത് കേരള ആർടിസി ബസുകൾ കർണാടകയിൽ ഓടുന്ന ദൂരത്തിന് ആനുപാതികമായാകും നിരക്ക് കൂടുക. അങ്ങനയെങ്കിൽ മൈസുരു വഴി ബെംഗളൂരുവിലെക്കുള്ള ബസുകളുടെ നിരക്കിൽ 300 മുതൽ 500 രൂപ വരെ വർധനയുണ്ടാകും. ഈ വഴി യാത്ര ചെയ്യുന്നത് കൂടുതലും കാസർകോട്, കോഴിക്കോട്, കണ്ണൂർ എന്നീ മലബാർ ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് നിരക്ക് വർധനയുടെ അധികഭാരം കൂടുതലും മലബാറുകാർക്കായിരിക്കും.
മധ്യകേരളത്തിലേക്കും തെക്കൻ കേരളത്തിലേകുമുള്ള ബസുകൾ കൂടുതലും സേലം വഴിയാണ് പോകുന്നത്. ബെംഗളൂരുവിനടത്തുള്ള അത്തി ബെല്ല ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ കർണാടക പിന്നിടും. അതിനാൽ 150 മുതൽ 300 വരെയാകും നിരക്ക് വർധന. മുപ്പത്തി അഞ്ച് ശതമാനത്തോളമാണ് കർണാടകയിൽ നിരക്ക് വർധിച്ചത്. മിനിമം ചാർജ് ആറ് രൂപയിൽ നിന്ന് പത്തു രൂപയായി. കോർപ്പറേഷൻ്റെ പതിനായിരം കോടി രൂപയുടെ ബാധ്യത മറികടക്കാനാണ് സർക്കാർ നടപടി.