ബസ് യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തുമായ കുഞ്ഞില മാസിലാമണി. ചെന്നൈയിൽ നിന്നും എറണാകുളത്തേക്കുള്ള ബസ് യാത്രയ്ക്കിടെ കടുത്ത പനിയും അടിവയറ്റിൽ അസഹനീയമായ വേദന അനുഭവപ്പെട്ടിട്ടും പ്രാഥമിക ആവശ്യത്തിന് പോലും ബസ് നിര്‍ത്താന്‍ തയാറാകാതിരുന്ന ബസ് ജീവനക്കാരുടെ ക്രൂരതയും തനിക്കുണ്ടായ നിസ്സഹായാവസ്ഥയും കുഞ്ഞില സോഷ്യല്‍മീഡിയയില്‍ തുറന്നെഴുതി. 

ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 102 ഡിഗ്രിയിലധികം പനിയുമായാണ് കുഞ്ഞില യാത്ര ആരംഭിച്ചത്. യാത്രക്കിടെ കുഞ്ഞിലയ്ക്ക് അസഹനീയമായ മൂത്രശങ്ക അനുഭവപ്പെടുകയും അടുത്തുള്ള പെട്രോൾ പമ്പിൽ ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയുമായിരുന്നു. പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്താന്‍ കഴിയില്ലെന്നും അടുത്ത സ്റ്റോപ്പായ പോണ്ടിച്ചേരിയിലെ ഇനി ബസ് നിര്‍ത്തൂവെന്നും ഡ്രൈവര്‍ നിലപാടെടുത്തു. രാവിലെ 6.45-ഓടെയാണ് കുഞ്ഞില ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബസ് പോണ്ടിച്ചേരിയിലെത്താന്‍ ഏകദേശം എട്ടുമണിയോടടുക്കുമായിരുന്നു. 

പലതവണ മര്യാദയോടും തന്‍റെ അവസ്ഥയെ കുറിച്ച് പറഞ്ഞിട്ടും വണ്ടി നിര്‍ത്താന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല. തർക്കത്തിനൊടുവിൽ ഫുട്ബോർഡിലിരുന്ന് മൂത്രമൊഴിക്കാൻ മുതിർന്നതോടെ വാതിൽ തുറന്ന് തള്ളിയിടാൻ ശ്രമിച്ചതായും സംഭവം വഷളായതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ വിഷയത്തില്‍ ഇടപെട്ടപ്പോള്‍, അവരുടെ യാചന പോലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ അവരുടെ എല്ലാം ടിക്കറ്റ് റദ്ദാക്കുമെന്നും ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തിയതായും കുഞ്ഞില തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.

യാത്രക്കാരിലൊരാളായ പുരുഷന്‍ വന്ന് അദ്ദേഹത്തിന് നേരത്തെ ബസ് നിര്‍ത്തി കൊടുത്തിരുന്നു എന്ന് കൂടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജീവനക്കാരുടെ ഇരട്ടത്താപ്പ് പുറത്തുവന്നത്.  പിന്നീട് നിരന്തരമായ ആവശ്യങ്ങള്‍ക്ക് ശേഷം പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി കൊടുത്തതായും കുഞ്ഞില വ്യക്തമാക്കി. 

പോസ്റ്റ് വന്നതിനു പിന്നാലെ സംഭവത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് മിക്കയാളുകളും സംസാരിക്കുന്നത്. വളരെ ഗൗരവമുള്ള വിഷയമാണിതെന്നും, അധികാരികളുടെ അടുത്ത് കേസ് നല്‍കണമെന്നും ആളുകള്‍ പറയുന്നു. കുഞ്ഞിലയ്ക്കുണ്ടായ സംഭവം തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് കമന്‍റ് ചെയ്യുന്നവരും കുറവല്ല. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും ബസ് യാത്ര ചെയ്യുമ്പോള്‍ നിരവധി ആളുകളാണ് ഇത്തരം പ്രശ്നങ്ങള്‍ ദിവസം തോറും നേരിടേണ്ടിവരുന്നതെന്നുമാണ് ആ കുറിപ്പ് മനസിലാക്കി തരുന്നത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:

ചെന്നൈയില് നിന്നും എറണാകുളം വരെ ബസ് മാർഗ്ഗം യാത്ര ചെയ്യുമ്പോൾ 102 - 103 ഡിഗ്രീ പനിയുമായി ആണ് യാത്ര. 4.45ന് സ്റ്റാര്‍ട്ട് ചെയ്ത് ബസ് യാത്ര ചെയ്ത് 6.45 ആയപ്പോൾ കലശലായി മൂത്രമൊഴിക്കാൻ മുട്ടി ആണ് എഴുന്നേറ്റത്. അടിവയറ്റിൽ അസഹനീയ വേദന. ബസ് ഡ്രൈവറുടെ അടുത്ത് ചെന്ന് അടുത്ത പെട്രോൾ ബങ്കിൽ മൂത്രമൊഴിക്കാൻ നിർത്തി തരാൻ പറഞ്ഞു. അടുത്ത സ്റ്റോപ്പ് പോണ്ടിച്ചേരി ആണ് ഏകദേശം എട്ട് മണി ആവും എത്താൻ എന്ന് അവർ പറഞ്ഞു. അത്രയും നേരം ആവില്ല എനിക്ക് വളരെ urgent ആണെന്ന് ഞാൻ വളരെ ശാന്തമായി മര്യാദയോടെ പറഞ്ഞു. പല കുറി. പല രീതിയിൽ. 

നിയമം ഉണ്ട് സ്ത്രീകൾ അത്യാവശ്യമായി നിർത്താൻ പറഞാൽ നിർത്തണം എന്ന് ഞാൻ വാദിച്ചു. എന്തോ അങ്ങനെ വായിച്ച ഓർമ്മ. KSRTC ല്‍ മാത്രം ആയിരിക്കാം. നിയമം ഇല്ലായിരിക്കാം. എങ്കിലും മാനുഷിക പരിഗണ എന്നൊരു സാധനം ഉണ്ടല്ലോ. കുറേ ഞാൻ തർക്കിച്ചു. 

അവർ വിസമ്മതിച്ചു. പനിച്ചിട്ട് തല കറങ്ങുന്ന എനിക്ക് കലശലായ ദേഷ്യം വരാൻ തുടങ്ങി. 

നിങ്ങള് നിർത്തി ഇല്ലെങ്കിൽ ഞാൻ ഈ ഫുട്ബോർഡിൽ ഇരുന്ന് മൂത്രം ഒഴിക്കും എന്ന് ഞാൻ മൂന്ന് പ്രാവശ്യം എങ്കിലും ആവർത്തിച്ചു. യാതൊരു കാരണവശാലും പോണ്ടിച്ചേരിയിൽ അല്ലാതെ നിർത്തില്ലെന്ന് അവർ തീർത്ത് പറഞ്ഞു. 

ഞാൻ ഫുട്ബോർഡിൽ ഇരുന്ന് മൂത്രം ഒഴിക്കാൻ orumbettu. ഇപ്പൊ ഇറങ്ങിക്കോണം എന്ന് പറഞ്ഞ് അവർ door തുറന്നു. ഫുട്ബോർഡിൽ കുന്തിച്ച് ഇരിക്കുകയായ എൻ്റെ മുകളിൽ അത് ശക്തി ആയി വന്ന് ഇടിച്ച് ഞാൻ ഓടുന്ന ബസ്സിൽ നിന്ന് വീഴാൻ പോയി. 

ഡ്രൈവറും കിളിയും അകത്തുള്ള ഏതോ ആളും ചീത്ത വിളിക്കാൻ തുടങ്ങി. നിങ്ങള് സ്ത്രീ അല്ലേ അമ്മ പെങ്ങള് ഭാര്യ ഞങ്ങൾക്ക് ഇല്ലേ എന്നെല്ലാം പറയാൻ തുടങ്ങി. എനിക്കൊപ്പം മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേര് യാത്ര ചെയ്യുന്നുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും ടിക്കറ്റ് cancel ചെയ്യാൻ അവർ ആരംഭിച്ചു. എൻ്റെ കൂടെ ഉള്ള സ്ത്രീകൾ വന്ന് അവരോട് യാചിച്ചു. അവർ കേട്ടില്ല. ഒരു സ്ത്രീ ആയ നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നു എന്നാണ് അവർ ചോദിച്ചത്. ഒരു സ്ത്രീ ആയ എന്നെ ബസ്സിൽ മൂത്രമൊഴിക്കാൻ തുടങ്ങുന്ന അവസ്ഥയിലേക്ക് തള്ളി വിട്ടിട്ടുണ്ടെങ്കിൽ എത്രമാത്രം അസഹനീയമായിരുന്നു എൻ്റെ വേദന, നിസ്സഹായത, ആവശ്യം എന്ന് എന്നാല് അവർക്ക് എന്തുകൊണ്ടോ ആലോചിക്കാൻ കഴിഞ്ഞില്ല. 

ഒരു പുരുഷൻ വന്ന് എന്നോട് പറഞ്ഞു അയാൾക്ക് മൂത്രം ഒഴിക്കാൻ മുട്ടുന്നു എന്ന് പറഞ്ഞപ്പോൾ നേരത്തെ നിർത്തി കൊടുത്തിരുന്നു എന്ന്. അയാളുടെ മൂത്രശങ്കയും എൻ്റേതും തമ്മിൽ എന്താണ് വ്യത്യാസം എന്ന് എനിക്ക് അറിവതില്ല. മറ്റൊരു പുരുഷൻ വന്ന് ഞങ്ങൾക്ക് വലിയ പ്രശ്നം ആവുന്നു. നിങ്ങള് ഞങ്ങളോട് സഹായം അഭ്യർത്ഥിക്കുക ആയിരുന്നു വേണ്ടത് എന്ന് വേദവാക്യം ഓതി. 

കൂടെ ഉണ്ടായിരുന്ന ടിക്കറ്റ് cancel ചെയ്യല്ലേ ഇറക്കി വിടല്ലേ എന്ന് അപേക്ഷിച്ച് കൊണ്ടിരിക്കുകയായ സ്ത്രീകളോട് എൻ്റെ സുരക്ഷയെ കരുതി ആണ് നിർത്താത്തത് എന്ന് അവർ കള്ളം പറഞ്ഞു. എന്നോട് വ്യക്തമായും അവർ തോന്നുമ്പോൾ തോന്നുമ്പോൾ നിർത്തി തരാൻ കഴിയില്ല എന്നാണ് അവർ പറഞ്ഞത്. ഓരോ രണ്ട് മണിക്കൂറും മൂത്രം ഒഴിക്കാൻ നിർത്താൻ സൗകര്യമില്ല എന്നാണ് പറഞ്ഞത്. 

അല്ലെങ്കിലും പെരുവഴിയിൽ അല്ല അടുത്ത പെട്രോൾ ബാങ്കിലോ ഹോട്ടലിലൊ നിർത്താൻ മാത്രമേ വേദന കൊണ്ട് പുളയുമ്പോഴും ഞാൻ ആവശ്യപ്പെട്ടുള്ളായിരുന്നു. ഇതുപോലെ ഉള്ള രാക്ഷസന്മാരെ പേടിച്ച് വെള്ളം കുടിക്കാതെ ആണ് ഞാൻ യാത്ര ചെയ്യുന്നത് തന്നെ. പല സ്ത്രീകളും അതേ. 

ഇത്രയും നടന്ന പത്ത് മിനുട്ടിൽ ഒരു പെട്രോൾ bunk എത്തി. അവർ അവിടെ നിർത്തി. വലിയ കരുണ തന്നെ. ആ മഹാമനസ്കതയിൽ ഞാൻ ഓടി മൂത്രമൊഴിച്ചു തിരിച്ചെത്തി. അഞ്ചേ അഞ്ച് മിനുട്ടിൽ. എനിക്ക് മൂത്രം ഒഴിക്കാൻ നിർത്തിയത് കാരണം നഷ്ടപ്പെട്ടത് അഞ്ചേ അഞ്ച് മിനുട്ട്. 

പെട്രോൾ ബങ്കിൽ പെട്രോൾ വാങ്ങിയാൽ മാത്രമേ മൂത്രം ഒഴിക്കാൻ അനുവദിക്കൂ എന്ന മനുഷ്യത്വ രഹിതമായ കോടതി വിധി വന്നത് എനിക്ക് ഓർമ്മയുണ്ട്. ഈ പെട്രോൾ ബങ്കിലെ വ്യക്തികൾ നേരെ ബാത്റൂമിലേക്ക് ഉള്ള വഴി എനിക്ക് കാണിച്ച് തരികയാണ് ചെയ്തത്. സാമാന്യബോധം, മനുഷ്യത്വം, അനുകമ്പ എന്നിവ ഉള്ള മനുഷ്യർ ഉള്ളത് നന്നായി. 

ഇതിൽ ഞാൻ മൂത്രം ഒഴിക്കാൻ ഒരുമ്പെടുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങള് സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. നല്ല കാര്യം. എൻ്റെ നഗ്നത വല്ലതും അവർ കണ്ടിട്ടുണ്ടെങ്കിൽ അത് മൂലം അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് മുകളിൽ എൻ്റെ മേലിൽ നിയമ നടപടി സ്വീകരിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിൽ അതിന് ജയിലിൽ കിടക്കാൻ എനിക്ക് ലവലേശം മടിയില്ല. 

ഈ ഡ്രൈവർ ഉൾപ്പെടെ പല തവണ പൊതുവിടത്തിൽ മൂത്രം ഒഴിച്ചിട്ടുള്ള ആളാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അങ്ങനെ ചെയ്യാത്ത പുരുഷന്മാർ ഏത് ക്ലാസിലും വളരെ കൂടുതൽ ആണ്. ഇന്ന് രാവിലെ ചെന്നൈയിലെ ഒരു ബസ് സ്റ്റാൻ്റിൽ ഒരാളുടെ ലൈംഗിക അവയവം കണ്ടാണ് എൻ്റെ ദിവസത്തിൻ്റെ തുടക്കം തന്നെ. അങ്ങനെ എത്ര ദിവസങ്ങൾ. അത് നഗ്നതാ പ്രദർശനം തന്നെ ആണ്. ഈ "മാറി നിന്ന്" പൊതുവിടത്തിൽ മൂത്രം ഒഴിക്കുന്നത് ഉൾപ്പെടെ. അതുകൊണ്ട് അവർക്കൊന്നും എതിരെ എടുത്തിട്ടില്ലാത്ത നടപടി എനിക്കെതിരെ ഉണ്ടായാൽ ഈ നാട്ടിലെ നിയമവ്യവസ്ഥയുടെ പരിതാപകരമായ സ്ഥിതിയുടെ സാക്ഷ്യം മാത്രമാണ് അത്. 

ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം പറയുകയും അദ്ദേഹം ഹൈവേ പോലീസിനെ അയയ്ക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ഈ അവസ്ഥയ്ക്ക് കാരണമായ മനുഷ്യർക്ക് താക്കീത് നൽകാൻ. മോശമായി പെരുമാറരുത് എന്ന്. ആവശ്യമെങ്കിൽ നടപടി എടുക്കാൻ. എൻ്റെയും കൂടെ ഉള്ളവരുടെയും ടിക്കറ്റ് cancel ചെയ്യാൻ അനുവദിക്കാതെ ഇരിക്കാൻ. ഞാൻ വേണ്ടെന്ന് പറഞ്ഞു. ഏജൻസി yeyum ഡ്രൈവറെയും വിളിച്ച് താക്കീത് നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം അതിനുള്ള ഏർപ്പാട് ചെയ്തു.  

ഇത് പുറത്ത് പറയുന്നതിലൂടെ, ഇത്തരത്തിൽ "വാഴkkaaളി" എന്ന reputation സമ്പാദിക്കുന്നതിലൂടെ ഉറപ്പായും ഞാൻ ജോലി ചെയ്യുന്ന മേഖലായ സിനിമയിൽ എനിക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാവും. Already ഉണ്ട്. പ്രശ്നക്കാരി, പ്രശ്നം ഉണ്ടാക്കുന്നവൾ എന്ന പേര് വീഴാൻ ഇത് മാത്രം മതി. ബാത്റൂം സൗകര്യം സ്ത്രീകൾ ആവശ്യപ്പെടുന്നത് മൂലം സ്ത്രീകളെ ജോലിക്ക് എടുക്കാത്ത മേഖല തന്നെയാണ് ഇന്നും മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും. 

ഏതായാലും മനുഷ്യരുടെ ലെവൽ ഓഫ് സ്ത്രീകളോടുള്ള സമീപനം ഒരു പ്രാവശ്യം കൂടി വ്യക്തമായതിൽ സന്തോഷം. റിയാലിറ്റി ചെക്ക് is painful but at least honest and the reality after all.

ENGLISH SUMMARY:

Film director and screenwriter Kunjila Masillamani has shared a distressing personal experience faced during a bus journey from Chennai to Ernakulam. Despite suffering from a high fever of over 102 degrees and severe abdominal pain, the bus crew repeatedly refused her urgent requests to stop at a petrol pump for a restroom break. The situation escalated to the point where she was allegedly threatened with being pushed off the bus when she attempted to relieve herself near the footboard out of sheer desperation. After co-passengers intervened and protested against the crew's hostile behavior, the bus finally pulled over at a petrol pump, prompting widespread outrage on social media over passenger safety and rights.