വിഡിയോ ദൃശ്യം
കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രാര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്ക്രീനിനു നേരെ ചെരുപ്പെറിഞ്ഞ സംഭവം വലിയ രാഷ്ട്രീയവിവാദമാകുന്നു. നേതാവിനുമേല്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്ന് പരിഹസിച്ച് ബിജെപി രംഗത്തുവന്നു. അതേസമയം ദര്‍ശനത്തിനായുളള ക്രമീകരണങ്ങളില്‍ പോരായ്മകളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ജെഡി(എസ്)പ്രവര്‍ത്തകരാണ് ചെരുപ്പേറ് ആസൂത്രണം ചെയ്തതെന്ന് ഡി.കെയുടെ ഓഫീസ് ആരോപിച്ചു.
Also read: ഈശ്വരാ.. പരമേശ്വരാ.. അനശ്വരാ...; ടോളിവുഡിലെ ക്രഷായി അനശ്വര രാജൻ
ഹസനാംബ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്നു മടുത്ത വിശ്വാസികളുടെ ഭാഗത്തുനിന്നാണ് പ്രതിഷേധം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിദിനത്തിന്റെ ഭാഗമായി ഞായറാഴ്ച ഭാര്യ ഉഷയ്ക്കൊപ്പമാണ് ഡികെ ക്ഷേത്രദര്‍ശനത്തിനെത്തിയത്. ദമ്പതികള്‍ പ്രത്യേക പൂജകള്‍ നടത്തുന്നതിനിടെയാണ് ജനങ്ങളുടെ രോഷം ചെരുപ്പിന്റെ രൂപത്തിലെത്തിയത്.
എല്‍ഇഡി സ്ക്രീനിനുനേരെ പലഭാഗത്തുനിന്നും ഭക്തര്‍ ചെരുപ്പുകളെറിഞ്ഞു. ഈ വിഡിയോ അധികം വൈകാതെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. സംഭവം രാഷ്ട്രീയ ആയുധമാക്കിയ ബിജെപി എക്സില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് പോസ്റ്റിട്ടു. ഡികെയെ സ്ക്രീനില്‍ കണ്ടിട്ടു തന്നെ ജനത്തിനു സഹിക്കുന്നില്ല, ഇതാണ് സ്ഥിതിയെങ്കില്‍ നേരിട്ട് കണ്ടാല്‍ എന്താകും അവസ്ഥ? എന്നാണ് ബിജെപി പോസ്റ്റിനൊപ്പം കുറിച്ചത്.
എന്നാല്‍ ഭക്തരല്ല ചെരുപ്പെറിഞ്ഞതെന്നാണ് ഡികെ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ജെഡി(എസ്) പ്രവര്‍ത്തകര്‍ വിഡിയോ മനപൂര്‍വം നിര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. കര്‍ണാടകയിലെ ഏറെ പ്രശസ്തമായ ഹസനാംബ ക്ഷേത്രം വിശേഷ ദിവസങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. മണിക്കൂറുകളോളം വരിയില്‍ നിന്നാണ് ഭക്തര്‍ ദര്‍ശനം പൂര്‍ത്തിയാക്കാറുള്ളത്. ഇതിനിടെയാണ് മുഖ്യമന്ത്രി ദര്‍ശനത്തിനെത്തിയതും ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും.