ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ ചരക്കുകൂലി 25 ശതമാനം കൂടി. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വന്‍ വിലക്കയറ്റത്തിന് കളമൊരുങ്ങുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോറി ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
11 ദിവസത്തിനിടെ നാല് തവണയാണ് ഇന്ധന വില വര്‍ധന ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ചരക്കുകൂലി 20 ശതമാനം മുതല്‍ 25 ശതമാനം വരെ കൂടിയത്. അതായത് ബെംഗളൂരു മുതല്‍ കോഴിക്കോട് വരെ 22000 രൂപയാണ് ശരാശരി ചരക്കുകൂലി. ഇത് 25,000 ത്തിലേയ്ക്ക് എത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുകൂലിയിലും സമാനമായ മാറ്റമുണ്ട്.
ചരക്കുകൂലി അനിയന്ത്രിതമായി കൂട്ടുന്നത് പ്രായോഗികമല്ലാത്തത് കൊണ്ട് തന്നെ ഇന്ധന വില വര്‍ധന കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം. ചരക്കുകൂലി വര്‍ധനവ് സാധനങ്ങളുടെ വിലയില്‍ രണ്ടാഴ്ച്ചയ്ക്കകം പ്രതിഫലിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തല്‍.