AI Image

AI Image

നീറ്റ് യുജി ചോദ്യപേപ്പര്‍ വിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ വ്യോമസേനയെ രംഗത്തിറക്കാന്‍ കേന്ദ്ര നീക്കം. ചോദ്യപേപ്പറുകളടക്കം പരീക്ഷാ സാമഗ്രികളുടെ സുരക്ഷിതമായ ഗതാഗതവും വിതരണവും ഉറപ്പാക്കാനാണ് വ്യോമസേനയെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. 

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, വാർത്താവിനിമയമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അച്ചടിശാലകളിൽനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിനുള്ള പൂർണ ചുമതല വ്യോമസേനയ്ക്ക് നൽകുന്നതിനെക്കുറിച്ചാണ് യോഗത്തിൽ ചർച്ച ചെയ്തത്. ഇതുവരെ തപാൽ വകുപ്പ് വഴിയാണ് ചോദ്യപേപ്പറുകൾ എത്തിച്ചിരുന്നത്.

പല കൈകൾ മറിഞ്ഞ് നിരവധി ഉദ്യോഗസ്ഥരിലൂടെ കടന്നുപോകുന്നതിനാൽ സുരക്ഷാ വീഴ്ചയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മാത്രമാണോ, വരാന്‍ പോകുന്ന എല്ലാ നീറ്റ് പരീക്ഷകൾക്കുമുള്ള പൊതുമാനദണ്ഡമാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ടായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും ഉന്നത കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 21നാണ് നീറ്റ് യുജി പുനഃപരീക്ഷ.

ENGLISH SUMMARY:

The Central Government is planning to involve the Indian Air Force in the secure transportation and distribution of NEET-UG question papers. A high-level meeting attended by Defence Minister Rajnath Singh, Education Minister Dharmendra Pradhan, and senior Air Force officials discussed measures to prevent security lapses in the examination process. The proposal comes ahead of the NEET-UG re-examination scheduled for June 21.