cheranallur-probe

കൊച്ചി ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസില്‍ ജ‍‍ഡ്ജിയുടെ വീട്ടില്‍ പൊലീസ് പരിശോധന. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സി.ഐ അടക്കമുള്ള നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി ആഭ്യന്തര മന്ത്രി നിയമസഭയെ അറിയിച്ചു. അഡിഷനൽ ജഡ്ജിക്കെതിരെ ഹൈക്കോടതി ഉടൻ നടപടിയെടുക്കും.     

 

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയും, 17 കാരന്റെ പിതാവുമായ ജഡ്ജിയെ അറസ്റ്റു ചെയ്യണം, 17കാരന്റെ ചിത്രം ഡിലീറ്റ് ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി വേണം, ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കണം എന്നീ ആവശ്യങ്ങളാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം മുന്നോട്ടുവെച്ചത്. ഇന്ന് വൈകീട്ട് നാലു വരെയായിരുന്നു കുടുംബം ഇതിനായി അനുവദിച്ച സമയം. ആ സമയത്തിന് മുൻപേ തന്നെ പൊലീസുകാർക്കെതിരായ നടപടി ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. രാവിലെ ചേരാനല്ലൂർ സ്‌റ്റേഷനിലും, ജയബാലകൃഷ്ണന്റെ വീട്ടിലുമെത്തിയ ADGP പി.വിജയൻ പൊലീസിന്റെ വീഴ്ച്ച ഉൾപ്പെടെ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

 

Also read: ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കേസിൽ കുട്ടിയുടെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിയിൽ നിന്ന് പൊലീസ് വിശദാംശങ്ങൾ തേടിയിരുന്നു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേർന്ന് ജഡ്ജിക്കെതിരായ നടപടി ഉടൻ തീരുമാനിക്കും. കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തിയതിനാൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കുട്ടി സ്ഥിരമായി അമിത വേഗതയിൽ വാഹനം ഓടിക്കാറുണ്ടെന്ന് പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. ഇയാൾ 25 വയസുവരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കമാരംഭിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ RC സസ്പെൻഡ് ചെയ്യും. കേസ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അതിനിടെ അപകടത്തിന് മുൻപ് കാറുമായി ഫ്ലാറ്റിൽ നിന്നും 17 കാരൻ പുറത്തിറങ്ങുന്നതിന്റെ നിർണായ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു

 

അപകടസമയത്ത് പതിനേഴുകാരൻ കാർ ഓടിച്ചത് 104 കിലോമീറ്റർ വേഗത്തിലായിരുന്നു. പ്രതി സ്ഥിരമായി അമിതവേഗത്തിൽ വാഹനം ഓടിക്കാറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.ഇതിന് പിന്നാലെയാണ് പ്രതിയുടെ മേൽ കുറ്റകരമായ നരഹത്യ കുറ്റം ചുമത്തിയത്.

 

പ്രതിയുടെ പിതാവായ അഡിഷനൽ ജഡ്ജിയിൽ നിന്ന് ആലുവയിലെ ഫ്ളാറ്റിലെത്തി പൊലീസ് വിശദാംശങ്ങൾ തേടി. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണം മുറുകുന്നതിനിടെ മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി 17കാരൻ തന്റെ ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തതായും സൂചനയുണ്ട്. ഇതിനിടെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പ്രതിക്ക് 25 വയസ്സ് വരെ ലൈസൻസ് എടുക്കുന്നതിൽ വിലക്കേർപ്പെടുത്താനും അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാനും MVD നടപടികൾ തുടങ്ങി.

 

 

 

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the Cheranalloor accident case where police searched a judge's residence following a fatal crash caused by a minor. The investigation has led to the suspension of police officers and intensified scrutiny over the incident.