രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഡൽഹി പൊലീസിന്‍റെ സ്‌പെഷൽ സെൽ അറസ്റ്റ് ചെയ്ത ലഷ്കറെ തയിബ ഭീകരന്‍ ഷബ്ബീർ അഹമ്മദ് ലോണ്‍ ഗുരുഗ്രാമിൽ വെച്ച് രൂപമാറ്റം വരുത്താന്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. സ്പെഷൽ സെൽ വൃത്തങ്ങൾ പറയുന്നതനുസരിച്ച് സൗന്ദര്യവർദ്ധക ചികില്‍സകയ്ക്ക് ഒരുങ്ങുകയായിരുന്നു ഇയാള്‍ എന്നാണ് വിവരം. ഇതിനായി ഗുരുഗ്രാമിലെ ഒരു ഡോക്ടറെ ഹെയർ ട്രാൻസ്പ്ലാന്റിനായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു. കൂടാതെ ചികിത്സയ്ക്കായി ഏകദേശം 1.5 ലക്ഷം രൂപയും ചെലവഴിച്ചു. മുടി മാത്രമല്ല, പല്ലുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഗുരുഗ്രാമിലെ ഒരു ദന്തരോഗവിദഗ്ദ്ധനെയും ഇയാള്‍ സമീപിച്ചിരുന്നു.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം ബംഗ്ലാദേശിൽ പുതിയ ലഷ്കർ മൊഡ്യൂൾ രൂപീകരിക്കുന്നതിനായി പ്രവര്‍ത്തിച്ച ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി അതിര്‍ത്തിയില്‍ നിന്നാണ്  പിടികൂടുന്നത്. രാജ, കശ്മീരി എന്നീ അപരനാമങ്ങളും ഇയാള്‍ക്കുണ്ട്. ഡൽഹിയിലും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ലഷ്കർ മൊഡ്യൂള്‍ സുരക്ഷാ ഏജൻസികൾ തകര്‍ത്തതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു അറസ്റ്റ്.

ജമ്മു കശ്മീരിലെ ശ്രീനഗർ ജില്ലയിലെ കങ്കണിൽ താമസിക്കുന്ന ഇയാൾ അതിർത്തിക്കപ്പുറത്ത് നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. നാളുകളായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലുമായിരുന്നു. ഡൽഹിയിലും കൊൽക്കത്തയിലുമടക്കം  ഒട്ടേറെ സ്ഥലങ്ങളിൽ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ പതിക്കുന്നതിൽ ഇയാളുടെ മൊഡ്യൂളിന് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, സുരക്ഷാ ഏജന്‍സികള്‍ക്ക് ഒട്ടും അപരിചിതനല്ല ഷബ്ബീർ അഹമ്മദ് ലോണ്‍! ലഷ്കറെ സ്ഥാപകനും ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത ഹാഫിസ് സയീദുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പാകിസ്ഥാനിൽ ഭീകര പരിശീലനം നേടിയ ഇയാള്‍ 2005 ൽ ഡൽഹിയിൽ ഒരു ചാവേര്‍ ആക്രമണം നടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് 2018 വരെ തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഇയാള്‍ ജയിൽ മോചിതനായ ശേഷം ബംഗ്ലദേശിലേക്ക് കടന്നുകളഞ്ഞു. അവിടെ നിന്ന്   ലഷ്കറെ നെറ്റ്‌വർക്കുകൾ പുനരുജ്ജീവിപ്പിക്കുകയും ഡൽഹിയിലടക്കം ഒട്ടേറെ സംസ്ഥാനങ്ങളില്‍  മൊഡ്യൂളുകൾ നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്.

രൂപം മാറാന്‍ ഹെയർ ട്രാൻസ്പ്ലാന്റ്!

ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇന്ന് ഭീകരരുടെ ശ്രമത്തിന്‍റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഹെയർ ട്രാൻസ്പ്ലാന്റ് അടക്കമുള്ള സൗന്ദര്യവർദ്ധക ചികില്‍സകള്‍. ഏപ്രിലില്‍ ശ്രീനഗറിലെ ഒരു ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്ക് സന്ദര്‍ശിച്ച മറ്റൊരു ഭീകരനും പിടിയിലായിരുന്നു. കശ്മീരിൽ ലഷ്കറെ തയിബ സ്ലീപ്പർ സെൽ രൂപീകരിക്കാനുള്ള ദൗത്യവുമായെത്തിയ പാക്ക് ഭീകരൻ മുഹമ്മദ് ഉസ്മാൻ ജട്ടിനെയാണ് ശ്രീനഗർ പൊലീസ് ഏപ്രിലിൽ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെടാതിരിക്കാനള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ സൗന്ദര്യവർദ്ധക ചികില്‍സകള്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അതേസമയം, ഭീകരന്‍ ഷബ്ബീർ അഹമ്മദ് ലോണ്‍ സൗന്ദര്യവർദ്ധക ചികിത്സ നടത്തിയതിനെ കുറിച്ച് ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗികമായി വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

ENGLISH SUMMARY:

Shabbir Ahmed Lone, a notorious Lashkar-e-Taiba (LeT) terrorist recently arrested by the Delhi Police Special Cell, reportedly underwent cosmetic procedures in Gurugram to dramatically alter his physical appearance and evade security agencies. According to intelligence sources, Lone spent nearly ₹1.5 lakh on a professional hair transplant and additionally consulted a local dentist to restructure his teeth to bypass facial recognition systems. Operating under the aliases 'Raja' and 'Kashmiri' under direct orders from Pakistan's ISI, he was captured near the Delhi border while attempting to establish a fresh terror module spanning Bangladesh, Delhi, and parts of South India. The Srinagar native is highly experienced in subversion; he was a direct contact of global terrorist Hafiz Saeed, underwent weapon training in Pakistan, and was previously jailed in Tihar from 2005 to 2018 for a failed suicide bombing attempt in the national capital. This discovery highlights a concerning new trend among operatives, following the April arrest of Pakistani terrorist Muhammad Usman Jatt at a Srinagar hair transplant clinic, proving that terrorists are increasingly capitalizing on medical aesthetics to mask their identities.