Image Credit : Twitter
ഡല്‍ഹിയില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു കീഴ്പ്പെടുത്തി പൊലീസ്. ഡല്‍ഹിയിലെ മെഹ്‌റൗളിയിലാണ് സംഭവം. ഫുട്പാത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ടാക്സി ഡ്രൈവറായ ബിഹാര്‍ സ്വദേശി ബബ്ലുവാണ് അറസ്റ്റിലായത്. തെളിവെടുപ്പിനിടെ ചാടിപ്പോകാന്‍ ശ്രമിച്ച പ്രതിയെ കാലില്‍ വെടിവെച്ചിട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
കാലില്‍ പരുക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആശുപത്രിക്കിടക്കയില്‍ കിടന്ന് വേദനകൊണ്ട് കരയുന്ന ബബ്ലുവാണ് വിഡിയോയിലുളളത്. തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്നു പതിനൊന്നുവയസുകാരി. ഈ സമയത്താണ് ഓണ്‍ലൈന്‍ ആപ്പ് വഴി ടാക്സി സര്‍വീസ് നടത്തുന്ന ബബ്ലു അവിടെ എത്തിയത്. അമിതമായി മദ്യപിച്ചിരുന്ന ബബ്ലു കുട്ടിയെ കണ്ടപാടെ എടുത്ത് വണ്ടിയില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് പിറകെ ഓടിയെങ്കിലും ബബ്ലുവിന്‍റെ വണ്ടി കണ്ടെത്താനായില്ല. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബബ്ലുവിന്‍റെ കാര്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി ആപ്പ് വഴി നടത്തിയ അന്വേഷണത്തില്‍ ബബ്ലുവുളള സ്ഥലവും പൊലീസ് കണ്ടെത്തി. പടിഞ്ഞാറൻ ഡൽഹിയിലെ വികാസപുരി മേഖലയിൽനിന്നാണ് ബബ്ലുവിന്‍റെ കാർ കണ്ടെത്തിയത്. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ പ്രതി ബബ്ലു പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടിയെ 20 കിലോമീറ്റർ അകലെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്കാണ് കൊണ്ടുപോയതെന്നും അവിടെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നും ബബ്ലു പൊലീസിനോട് പറഞ്ഞു. ശേഷം തുണി ഉപയോഗിച്ച് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി മൊഴി നല്‍കി. മൃതദേഹം അവിടെതന്നെ ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടെ ഒരു ഓട്ടം കിട്ടിയ ബബ്ലു, യാത്രക്കാരനെയും കൂട്ടി പോകുമ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്.
തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബബ്ലു രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് പൊലീസ് കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ബിഹാറില്‍ ഭാര്യയും കുട്ടിയുമുളള ബബ്ലുവിന്‍റെ പേരില്‍ അഞ്ച് ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ ജോലിക്ക് നിയോഗിച്ച ടാക്സി സർവീസ് കമ്പനിക്ക് നോട്ടിസ് നൽകുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.