Image Credit: x/garudeyeintel
പാക്കിസ്ഥാനിലെ ക്രിക്കറ്റ് ലോകവുമായും അധികാര കേന്ദ്രങ്ങളുമായും ഭീകരവാദികള്‍ക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ഭീകരവാദികള്‍ക്ക് സ്വൈര്യ വിഹാരത്തിനുള്ള എല്ലാ സൗകര്യവും ഭരണകൂടം തന്നെ ഒരുക്കിക്കൊടുക്കുകയും ചെയ്യാറുണ്ട്. ഇന്ത്യ പലവട്ടം രാജ്യാന്തര സമൂഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയ ഈ വസ്തുത ശരിവയ്ക്കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഏറ്റവും പുതിയ വിഡിയോ. പാക് ഇതിഹാസ താരം ഷോയബ് അക്തറിന്‍റെ സഹോദരന്‍ ഷാഹിദ് അക്തറിന്‍റെ സംസ്കാരച്ചടങ്ങുകളില്‍ ലഷ്കറെ ത്വയ്ബയുടെ രാഷ്ട്രീയ വിഭാഗം നേതാക്കള്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
26/11 ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായികളായ ലഷ്കര്‍ നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. ലഷ്കറിന്‍റെ രാഷ്ട്രീയ വിഭാഗമായ പാക്കിസ്ഥാന്‍ മര്‍കാസി മുസ്ലിം ലീഗാണ് വിഡിയോ പുറത്തുവിട്ടത്. പിഎംഎംഎല്‍ ഇസ്ലമാബാദ് തലവന്‍ ഇനാം ഉര്‍ റഹ്മാന്‍ കംബോഹ്, അബ്ദുല്ല തോര്‍, ഹാഫിസ് ഉമര്‍, അജദ് ഭട്ടി തുടങ്ങിയവരെയും ഷോയബിനൊപ്പമുള്ള വിഡിയോയില്‍ കാണാം.
ഷോയബിന്‍റെ സഹോദരന്‍റെ മൃതദേഹത്തിന് മുന്നില്‍ ഇവര്‍ പ്രാര്‍ഥനാനിരതരായി നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍. മൂന്ന് ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഷാഹിദ് അക്തറിന്‍റെ നിര്യാണം.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഷോയബിനെതിരെ നിറഞ്ഞത്. വിവാദങ്ങളോട് ഷോയബ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഭീകരവാദികള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പാക്കിസ്ഥാന്‍ സുരക്ഷിത താവളമായി നിലകൊള്ളുകയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്ന് വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കുറിച്ചിട്ടുണ്ട്.