പഹൽഗാം ഭീകരാക്രമണത്തിനായി ഭീകരര്‍ ഒരാഴ്ച മുമ്പേ ഒരുക്കം തുടങ്ങിയെന്ന് തെളിവുകള്‍. ബൈസരണ്‍ വാലിയിലെ മാപ്പുകളുടെ സ്ക്രീൻഷോട്ടുകളും മറ്റു ഡിജിറ്റല്‍ തെളിവുകളും കൊല്ലപ്പെട്ട ഭീകരരുടെ ഫോണില്‍ കണ്ടെത്തി. ഭീകരര്‍ ട്രെക്കിങ്, ഹൈക്കിങ് ആപ്പുകള്‍ ഉപയോഗിച്ചതായും എന്‍.ഐ.എ കുറ്റപ്രതത്തില്‍ പറയുന്നു.
പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22–നായിരുന്നു 26 പേരുടെ ജീവന്‍ പൊലിഞ്ഞ രാജ്യത്തെ നടുക്കിയ ഭീകരാക്രണം. ആക്രമണത്തിനായി ഏപ്രില്‍ 15 മുതല്‍തന്നെ ഭീകരര്‍ തയ്യാറെടുപ്പുതുടങ്ങിയിരുന്നുവെന്നതിന്‍റെ തെളിവാണ് സൈന്യം കൊലപ്പെടുത്തിയ മൂന്ന് ഭീകരരുടെ ഫോണില്‍നിന്ന് എന്‍.ഐ.എയ്ക്ക് ലഭിച്ചത്. ബൈസരന് സമീപമുള്ള സ്ഥലങ്ങൾ ചിത്രീകരിക്കുന്ന ഏപ്രിൽ 15 നും 16 നും സേവ് ചെയ്ത രണ്ട് മാപ്പ് സ്‌ക്രീൻഷോട്ടുകള്‍ ഭീകരരുടെ ഫോണില്‍ കണ്ടെത്തി. മൂന്നുപേരുടെയും ഫോണില്‍ ഹൈക്കിങിനും പർവതാരോഹണത്തിനും ഉപയോഗിക്കുന്ന ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്പും ഉണ്ടായിരുന്നു. പരസ്പരം ട്രാക്ക് ചെയ്യാനും ഏകോപനത്തിനുമായാണ് ആപ്പ് ഉപയോഗിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
25 വിനോദസഞ്ചാരികളും നാട്ടുകാരനായ കുതിരസവാരിക്കാരനുമാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഭീകരരില്‍ മൂന്നുപേരെ ശ്രീനഗറിലെ വനമേഖലയില്‍ നടന്ന 'ഓപ്പറേഷൻ മഹാദേവില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 28 ന് സൈന്യം കൊലപ്പെടുത്തി. ഇവരുടെ ഫോണില്‍നിന്ന് മറ്റ് ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനുപിന്നാല്‍ ലഷ്കര്‍ ഇ തൊയ്ബയുടെ ഗൂഢാലോചനയുണ്ടെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു.