AI Generated Image
ചെന്നൈയില്‍ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. സുഹൃത്തിനൊപ്പം കാറിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ബുധനാഴ്ച്ച രാത്രി ബസന്ത് നഗര്‍ ബീച്ചിലാണ് സംഭവം.
കേളമ്പാക്കം എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിനിയായ അഡയാര്‍ സ്വദേശിനിയുടെ കുടുംബമാണ് ഹെഡ് കോണ്‍സ്റ്റബിളിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച്ച രാത്രിയില്‍ സുഹൃത്തിനൊപ്പം കാറില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് ജോസഫ് എന്ന പൊലീസുകാരന്‍ കാറിനുള്ളിലേക്ക് ടോര്‍ച്ചടിച്ച് വന്നത്. പിന്നാലെ ഇയാള്‍ തന്റെ ഐഡി കാര്‍ഡ് കാണിച്ച് ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണെന്ന് പറഞ്ഞു.
ഇരുവരേയും കാറില്‍വച്ച് കണ്ട കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഇരുവരേയും ഭീണഷിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നും ജോസഫ് പറഞ്ഞു. തുടര്‍ന്ന് ആണ്‍സുഹൃത്ത് പണമെടുക്കാനായി അടുത്തുള്ള എടിഎമ്മിലേക്ക് പോയ സമയത്ത് പ്രതി ജോസഫ് കാറിനുള്ളില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. സുഹൃത്ത് തിരിച്ചുവന്നപ്പോള്‍ 8000 രൂപ വാങ്ങി പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി നടന്ന സംഭവം സഹോദരിയെ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തില്‍ പ്രതി ജോസഫാണെന്ന് തിരിച്ചറിഞ്ഞു. തിരുനെല്‍വേലി പൊലീസ് കമ്മീഷണറേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ജോസഫ് തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ബസന്ത് നഗറില്‍ എത്തിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ലൈംഗികാതിക്രമക്കേസില്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.