ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി കണ്ണിൽ മുളക് പൊടി വിതറി 15 പവൻ സ്വർണ്ണം കവര്‍ന്നയാള്‍ അറസ്റ്റില്‍. കാസർകോട് സ്വദേശി രാജ്മോഹനെയാണ് മോഷണം നടന്നു മണിക്കൂറുകൾക്കകം ആലപ്പുഴയിൽ നിന്ന് തന്നെ പൊലീസ് പിടിച്ചത്. നഗരത്തിലുള്ള കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് കള്ളൻ സ്വർണാഭരണങ്ങൾ കവർന്നത്. 

കണിയാംകുളം ജംഗ്ഷന് സമീപം റോഡിനോട് ചേർന്നാണ് സുദർശനന്റെ വീട്. വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് കൊടുക്കാൻ ഇട്ടിരിക്കുകയായിരുന്നു. ഇവിടെ വീട് വാടകയ്ക്ക് നോക്കാൻ എന്ന പേരിലാണ് കള്ളൻ വീട്ടിലെത്തിയത്. ഉച്ചയ്ക്ക് വീട്ടിലെത്തിയ കള്ളൻ വീടിന്റെ വാടക വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ സുദർശനന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. 

ഇത് കണ്ട് അടുക്കളയിൽ നിന്ന് നിലവിളിച്ചോടിയെത്തിയ ഭാര്യയുടെ വായിൽ തുണിയും തിരുകി. പിന്നീട് വീട് അകത്തുനിന്ന് പൂട്ടി. ഇരുവരെയും മർദിച്ച ശേഷം സ്വർണാഭരണങ്ങൾ എവിടെയുണ്ടെന്ന് ചോദിച്ചറിഞ്ഞു. അലമാരയുടെ താക്കോൽ അടക്കം കണ്ടെത്തിയ പ്രതി 15 പവൻ സ്വർണാഭരണങ്ങൾ കവർന്ന ശേഷം വീട് വിട്ടു. കള്ളൻ നഗരം വിട്ടിരിക്കാൻ സാധ്യത ഇല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലായത്.

ENGLISH SUMMARY:

Alappuzha gold theft was a brazen daylight robbery where a thief sprayed chili powder in the eyes of a homeowner before stealing 15 sovereigns of gold. The quick arrest of the Kasaragod native, Rajmohan, within hours of the crime highlights the efficiency of the Alappuzha police.