പ്രതീകാത്മക ചിത്രം

TAGS

  • ശുചിമുറിയില്‍ പോകാന്‍ അനുവദിച്ചില്ല, യാത്രക്കിടെ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഡ്രൈവര്‍ പിടിയില്‍

ബിഹാറില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് ഓഫീസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ശുചിമുറിയില്‍ പോകാന്‍ കാര്‍ നിര്‍ത്താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് ഡ്രൈവര്‍ മിഥിലേഷ് കുമാര്‍ പൊലീസിനു മൊഴി നല്‍കി.എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തിനു പിന്നില്‍ എല്‍ജെപി എംഎല്‍എയാണെന്ന് ഓഫീസര്‍ വിമല്‍കുമാറിന്റെ ഭാര്യ ആരോപിച്ചു. 

സസാരം മുനിസിപ്പല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് ഓഫീസര്‍ വിമല്‍കുമാര്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി പാട്നയിലേക്കുള്ള യാത്രക്കിടെയാണ് കൊല്ലപ്പെട്ടത്. യാത്ര ചെയ്യുന്നതിനിടെ ശുചിമുറിയില്‍ പോകണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് ഓഫീസര്‍ വാശി പിടിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തതെന്ന് ഡ്രൈവര്‍ പറയുന്നു. രൂക്ഷമായ വാക്കുതര്‍ക്കത്തിനു പിന്നാലെ കാറില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുദണ്ഡ് ഉപയോഗിച്ച് മിഥിലേഷ് വിമല്‍ കുമാറിനെ ആക്രമിക്കുകയായിരുന്നു. 

  ആദ്യം കാറിനുള്ളിലിട്ടും പിന്നാലെ പുറത്തേക്കിറക്കിയും വിമല്‍ കുമാറിനെ മര്‍ദിച്ചെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ആദ്യം അജ്ഞാതരാണ് ആക്രമണം നടത്തിയതെന്നായിരുന്നു മിഥിലേഷ് മൊഴി നല്‍കിയത്. എന്നാല്‍ സംഭവസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവറുടെ ശരീരത്തില്‍ ചെറിയ പോറല്‍പോലും ഏല്‍ക്കാതിരുന്നതോടെയാണ് പൊലീസിനു സംശയം തോന്നിയത്.  

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അമിത ജോലിഭാരത്താല്‍ താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ഓഫീസറുമായി തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. ഡ്രൈവറാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും എംഎല്‍എക്കെതിരെ ആയിരുന്നു ഓഫീസറുടെ ഭാര്യയുടെ മൊഴി. ഡെഹ്രി എം.എൽ.എ രാജീവ് രഞ്ജൻ സിങ്ങുമായി ഭര്‍ത്താവിനു പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഭർത്താവിനോട് എം.എൽ.എ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും ഓഫീസറുടെ ഭാര്യ ബബിത ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എ മറുപടി നല്‍കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Sasaram Municipal Council Executive Officer Vimal Kumar was brutally murdered inside his car by his driver, Mithilesh Kumar, during a trip to Patna. The driver confessed to attacking the officer with an iron rod after Kumar repeatedly refused to stop the vehicle to let him use the restroom. Although the driver initially claimed unknown assailants were responsible, police uncovered the truth due to his lack of injuries and ongoing professional friction. Meanwhile, the victim's wife has accused a local MLA of extortion and involvement in the death, though the legislator has denied all allegations as police continue their investigation.