AI Generated Image
ശസ്ത്രക്രിയയ്ക്കിടെ 22കാരിയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബിയിലെ സര്‍ക്കാര്‍ സ്വയംഭരണ മെഡിക്കല്‍ കോളജിലാണ് സംഭവം. വിഷയം അതിഗൗരവമായെടുത്ത് അന്വേഷണ ചുമതല മഞ്ജൻപൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശിവാങ്ക് സിങ്ങിന് കൈമാറിയതായി പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് അറിയിച്ചു.
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. ഏപ്പില്‍ 26നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ബാര്‍ത്തോലിന്‍ സിസ്റ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നത്.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗിയുടെ മുഖവും സ്വകാര്യഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയായിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മുതിർന്ന ഡോക്ടർമാർ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന ഔദ്യോഗിക ഗ്രൂപ്പുകളിലാണ് ഈ ചിത്രങ്ങൾ എത്തിയത്. ചിത്രങ്ങൾ പ്രചരിച്ചതിനെതിരെ വനിതാ സംഘടനകളുള്‍പ്പെടെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
മെഡിക്കല്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത സ്വകാര്യതാ ലംഘനമാണ് നടന്നതെന്ന് സംഘടനകള്‍ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വലിയ വീഴ്ചയാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിയോം കുമാർ സിങ് സമ്മതിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സംഭവം വിവാദമായതോടെ ഗ്രൂപ്പുകളിൽ നിന്നെല്ലാം ചിത്രങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും, ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഐടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി ഉണ്ടാകുമെന്നും പൊലീസ് പറയുന്നു.