ചികില്‍സാ വീഴ്ചകള്‍ എന്നും വാര്‍ത്തകളാകാറുണ്ട് . ശസ്ത്രക്രിയയ്ക്കുപയോഗിച്ച കത്രിക വയറ്റില്‍ മറന്നുവച്ചതും, മരുന്നുമാറി കുത്തിവയ്പ്പെടുത്തതുമെല്ലാം ഇത്തരത്തില്‍ വിവാദങ്ങളായിട്ടുണ്ട്. എന്നാല്‍ ഇതിലും ഭീകരമാണ് യുപിയില്‍ നിന്ന് വരുന്ന വാര്‍ത്ത. കാലൊടിഞ്ഞ് ചികില്‍സയ്ക്കായി എത്തിയ 13കാരിയുടെ കാല്‍ ചികില്‍സിച്ച് ഭേദമാക്കിയശേഷം കൈക്കൂലി പണം നല്‍കാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ വീണ്ടുമൊടിച്ച സംഭവമാണ് ഏവരെയും ഞെട്ടിച്ചത്.
മുസഫര്‍പൂറിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള 13കാരിയുടെ കാലൊടിഞ്ഞു. വിധവയായ കുട്ടിയുടെ അമ്മ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ചികില്‍സയ്ക്ക് വന്‍തുകയാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ചീഫ് മെഡിക്കല്‍ ഓഫീസറെ കണ്ട് തന്‍റെ സാമ്പത്തിക നില പരിതാപകരമാണെന്നും ഭീമമായ തുക അടയ്ക്കാനാവില്ലെന്ന് അറിയിച്ചു. തന്‍റെ കയ്യില്‍ 8000 രൂപയുണ്ട് അതടയ്ക്കാം എന്നും അമ്മ പറഞ്ഞു. തുടര്‍ന്ന് 8000 രൂപ അടച്ചാല്‍ മതിയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉത്തരവും നല്‍കി.
8000 രൂപ കെട്ടിവച്ച് കുട്ടിയുടെ കാലിന്‍റെ ചികില്‍സ നടത്തി. എന്നാല്‍ ചികില്‍സിച്ച ഡോക്ടര്‍ ഇത്രയും തുക പോരാ. താന്‍ ചികില്‍സിച്ചതിന് തനിക്ക് കൂടുതല്‍ പണം നല്‍കണമെന്ന് മാതാവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്‍റെ കയ്യിലുള്ള ഉത്തരവ് കാണിച്ച് തനിക്ക് കൂടുതല്‍ പണമടക്കാന്‍ സാധിക്കില്ലെന്ന് അമ്മ പറഞ്ഞു. ഇതോടെ ഡോക്ടര്‍ ഭീഷണിയായി. ഒടുവില്‍ ആശുപത്രിയില്‍ നിന്ന് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.
ആഴ്ചകള്‍ക്ക് ശേഷം ചെക്കപ്പിനായി യുവതി മകളുമായി വീണ്ടും ആശുപത്രിയിലെത്തി. കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറെ തന്നെയായിരുന്നു കാണേണ്ടിയിരുന്നത്. കുട്ടിയെ ആദ്യം നിരീക്ഷിച്ച ഡോക്ടര്‍ ചികില്‍സ ഫലിച്ചിട്ടുണ്ട് കുട്ടിയുടെ കാല്‍ ഭേദമായെന്ന് പറഞ്ഞു. ചികില്‍സിച്ചതിന് പക്ഷെ തനിക്ക് പണം ലഭിച്ചില്ലെന്ന് വീണ്ടും പറഞ്ഞു. എന്നാല്‍ തന്‍റെ അവസ്ഥ മോശമാണെന്ന് യുവതി ആവര്‍ത്തിച്ചു. ഇതോടെ കുപിതനായ ഡോക്ടര്‍ കുട്ടിയുടെ കാലിന്‍റെ ഒടിഞ്ഞ ഭാഗം വീണ്ടും കൈകള്‍ കൊണ്ട് ഒടിക്കുകയായിരുന്നു.
പിന്നീട് കുട്ടിയുമായി യുവതിക്ക് മറ്റൊരാശുപത്രിയില്‍ ചികില്‍സ തേടേണ്ടിവന്നു. വാര്‍ത്ത പുറത്തറിഞ്ഞതോടെ പൊതുജനരോഷം ശക്തമായി. ഇതോടെ അധികാരികള്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.