ഡൽഹി മദ്യനയ അഴിമതി കേസിലെ സിബിഐ അപ്പീലിൽ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്മാറില്ല. പിൻമാറണമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്ന ഹർജി അതേ ജഡ്ജിയാണ് തള്ളിയത്. പിൻമാറിയാൽ ജൂഡീഷ്യൽ അന്തസത്തയെ ബാധിക്കുമെന്നാണ് നിരീക്ഷണം.
കോടതിയുടെ വിശ്വാസ്യത ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. അരവിന്ദ് കേജ്‌രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണയ്ക്ക് വിധേയമാക്കി. ഹൈക്കോടതിക്കെതിരെ കേജ്‌രിവാള്‍ ഉയര്‍ത്തിയത് കുറ്റാരോപണമാണ്. ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമെന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ വിധി പ്രസ്താവത്തിൽ പറഞ്ഞു.
ബിജെപി അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുവെന്നത് കൊണ്ട് മാത്രം പിന്മാറണം എന്ന ആവശ്യം ഉന്നയിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. സിബിഐയുടെ അപ്പീലില്‍ ഹൈക്കോടതി ഏപ്രില്‍ 29 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയ്ക്കെതിരെ വാദിക്കാൻ കേജ്‌രിവാൾ പലതവണ നേരിട്ട് ഹാജരായിരുന്നു.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ഉത്തരവുകളും കോടതിക്കു പുറത്തെ അവരുടെ നടപടികളും നിഷ്പക്ഷ ഉത്തരവ് അവരുടെ ബെഞ്ചിൽ നിന്നു ലഭിക്കില്ലെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കേജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്തു സിബിഐ നൽകിയ ഹർജി ജസ്റ്റിസ് ശർമയുടെ ബെഞ്ചിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കേജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
ആർഎസ്എസിനു കീഴിലുള്ള അഭിഭാഷക സംഘടനയുടെ പരിപാടിയിൽ 4 തവണ ജസ്റ്റിസ് ശർമ പങ്കെടുത്തിട്ടുണ്ടെന്നും കേജ്‌രിവാൾ വാദിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ബെഞ്ച് മാറ്റുന്നതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.