Image Credit: AFP
രാജ്യത്തെ റിലയന്‍സിന്‍റെ പമ്പുകളില്‍ ഇന്ധന വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ തള്ളി കമ്പനി. റിലയന്‍സ് പമ്പുകളില്‍ ഒരുവാഹനത്തിന് ഒരുതവണ ആയിരം രൂപയുടെ ഇന്ധനം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചുവെന്നാണ് ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളിലാണ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കമ്പനി ഇത്തരം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് റിലയന്‍സിന്‍റെ വിശദീകരണം. ഒറ്റപ്പെട്ട ഇടങ്ങളിൽ പ്രാദേശിക പമ്പുകളിൽ ഇത്തരം തീരുമാനമെടുത്തിരിക്കാം എന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ഇറാന്‍–യുഎസ് യുദ്ധത്തില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 97 ഡോളറായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും കപ്പലുകള്‍ക്ക് സുരക്ഷിതയാത്ര അനുവദിക്കാമെന്നും ഇറാനും സമ്മതിച്ചു. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നതോടെ ഹോര്‍മുസ് ഇറാന്‍ സൈന്യം വീണ്ടും അടച്ചു. ഇതോടെ വീണ്ടും പ്രതിസന്ധി കനത്തിട്ടുണ്ട്.
അതിനിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ ടോള്‍ ഈടാക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. യുദ്ധത്തില്‍ ഇറാന് നേരിട്ട നഷ്ടം നികത്തുന്നതിനായി ടോള്‍ പിരിക്കല്‍ അമേരിക്ക അംഗീകരിക്കുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് ഇറാനുമായി ചേര്‍ന്ന് ഭരിക്കുമെന്നായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്‍റെ ആദ്യ പ്രതികരണം. ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് പണം ഈടാക്കാന്‍ തുടങ്ങിയാല്‍ ഇറാന്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പിന്നീട് തിരുത്തുകയും ചെയ്തു.