മഹാരാഷ്ട്രയിലെ പൂനെയില്‍ ബാസ്കറ്റ് ബോള്‍ ഹൂപ്പ് തകര്‍ന്നുവീണ് ബി.ടെക് വിദ്യാർഥി മരിച്ചു. പൂനെയിലെ തലേഗാവിലെ ഒരു കോളജ് കാമ്പസില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്നുള്ള രണ്ടാം വർഷ എന്‍ജിനീയറിങ് വിദ്യാർഥിയായ വിപുല്‍ വർമ്മ (20) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ബാസ്കറ്റ്ബോൾ കോർട്ടിലൂടെ പതിവ് നടത്തത്തിനിറങ്ങിയതായിരുന്നു വിപുല്‍. പോളിനടുത്തെത്തിയപ്പോള്‍ ബാസ്കറ്റ് ബോള്‍ ഹൂപ്പില്‍ (ഭാരമേറിയ ഇരുമ്പ് വളയം) പുള്‍-അപ്പ് ചെയ്യാന്‍ ശ്രമിച്ചു. പിന്നാലെ ഹൂപ്പ് തകര്‍ന്ന് വിപുലിന്‍റെ തലയില്‍ വീണുകയായിരുന്നു. വിപുല്‍ ബോധരഹിതനാകുകയും തലയോട്ടി തകര്‍ന്ന് കനത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

വിപുലിനെ തലേഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അതേസമയം, പരുക്കേറ്റിട്ടും വിപുലിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ക്യാമ്പസിലെ വിദ്യാർഥികൾ ആരോപിച്ചു. കാമ്പസിലെ സുരക്ഷാ മാനദണ്ഡങ്ങളെയും ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്യാമ്പസില്‍ പ്രതിഷേധം ഉടലെടുത്തതോടെ സംഘർഷം ഒഴിവാക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, വിപുലിന്റെ മാതാപിതാക്കൾ പൂനെയിലെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും കോളജിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍‌ശന നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്വേത ഖേദ്കർ പറഞ്ഞു.

ENGLISH SUMMARY:

In a tragic accident at an engineering college in Talegaon, Pune, 20-year-old B.Tech student Vipul Verma died after a basketball hoop collapsed on his head. The incident occurred when Vipul, a second-year student from Ayodhya, attempted pull-ups on the hoop during his morning walk. Students have protested against the college management, alleging a delay in medical assistance and poor maintenance of campus facilities. Pune Police have registered a case and are investigating potential safety lapses by the college administration.