ചോദ്യപേപ്പർ ചോർച്ചയില്‍ ജൂലൈ 25ന് ബിഹാറിൽ നടന്ന ബന്ദിനിടെ എകെ 47 ഉപയോഗിച്ച് സമരക്കാരായ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്ത പൊലീസുകാരന് സസ്പെൻഷൻ. സിവാനിലെ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ വെടിവയ്പില്‍ മൂന്നുപേർക്കാണ് പരുക്കേറ്റത്. ജില്ലാ മജിസ്ട്രേറ്റ് കാര്യാലയത്തിലേക്ക് എത്തിയ യുവാവിനും വെടിയേറ്റിരുന്നു. ആദ്യഘട്ടത്തിൽ ആരോപണം തള്ളിയ പൊലീസ് ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി സ്വീകരിച്ചത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൂന്ന് വിദ്യാർഥികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്ഥാനവ്യാപകമായി വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബന്ദിനിടെ മൂന്നിടത്ത് വെടിവയ്പ് ഉണ്ടായി എന്നായിരുന്നു പ്രതിഷേധക്കാരുടെ പരാതി. എന്നാൽ ഇതിൽ രണ്ടിടത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഘര്‍ഷത്തിനിടെ കോൺസ്റ്റബിള്‍ എകെ 47 ഉപയോഗിച്ച സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തോക്ക് ഉപയോഗിച്ചത് പ്രോട്ടോക്കോൾ പ്രകാരമാണോ എന്ന് പരിശോധിക്കും.
അതേസമയം, സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ 450 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ജൻ ശക്തി ജനതാദൾ നേതാവ് തേജ് പ്രതാപ് യാദവും പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഇതുവരെ 21 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 30 വിദ്യാർഥിനികളെയും 45 ഓളം പ്രായപൂർത്തിയാകാത്തവരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.