കോട്ടയം മണിമല ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി മാതൃകയായി. മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ റയാനാണ് പണം മരുതംകുന്നേൽ മണിമല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. മണിമല പൊലീസ് സ്റ്റേഷനിലെ ജി.ഡി. ചാർജ് എ.എസ്.ഐ. അജിത് കുമാറും സ്റ്റേഷൻ റൈറ്റർ ഗിരീഷുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും പണം ആരുടേതാണെന്ന് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെയാണ് പണം നഷ്ടപ്പെട്ടെന്നെ പരാതിയുമായി കൊട്ടാങ്ങൽ സ്വദേശി അജ്മൽ മണ്ണുത്തൊട്ടിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ആലപ്പുഴയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അടയ്ക്കാനായി കൊണ്ടുപോകുകയായിരുന്ന തുകയാണ് നഷ്ടമായതെന്ന് അജ്മൽ പൊലീസിനെ അറിയിച്ചു. തുടർന്ന് പരാതിയും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം പൊലീസ് പണം അജ്മലിന് കൈമാറി.
വിദ്യാർഥിയായ റയാന്റെ മാതൃകാപരമായ പ്രവർത്തനത്തെ മണിമല പൊലീസ് അഭിനന്ദിച്ചു. വിദ്യാർഥിയുടെ ഈ നല്ല പ്രവൃത്തി സ്കൂൾ അധികൃതരെ അറിയിച്ച ശേഷം അടുത്ത ദിവസം റയാനെ പ്രത്യേകമായി അഭിനന്ദിക്കാനാണ് തീരുമാനം.