oil-tanker

ഇറാന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പണമിടപാട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്രം. ഇന്ത്യയിലേക്ക് ഇറാന്‍ എണ്ണയുമായി എത്തിയ കപ്പല്‍ ചൈനയിലേക്ക് പോയത് പണമിടപാടിലെ പ്രശ്നം കൊണ്ടല്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എണ്ണ വിതരണം സുഗമമാക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 

ഇറാന്‍ എണ്ണയുമായി ഗുജറാത്തിലെ വദിനാർ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പല്‍ ചൈനയിലേക്ക് പോയത് പണമിടപാട് ബന്ധപ്പെട്ട തര്‍ക്കമാണെന്നായിരുന്നു അഭ്യൂഹങ്ങള്‍. വിൽപനക്കാർ നിബന്ധനകൾ കർശനമാക്കിയതാണ് കപ്പലിന്‍റെ ദിശ മാറ്റാൻ കാരണമായതെന്നാണ് നേരത്തെ വന്ന വാര്‍ത്തകള്‍.  എന്നാല്‍ ഈ വാദങ്ങളെ കേന്ദ്രം തള്ളി.  44,000 ടണ്‍ ഇറാന്‍ എല്‍പിജിയുമായി ഏപ്രില്‍ രണ്ടിന് കപ്പല്‍ മംഗളൂരുവിലെത്തിയെന്നും ചരക്ക് ഇറക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.  

നേരത്തെ 30 മുതൽ 60 ദിവസം വരെയുള്ള ക്രെഡിറ്റ് കാലാവധിയില്‍ എണ്ണ ലഭിച്ചിരുന്നു. പണം മുൻകൂറായി നൽകണമെന്നോ ചുരുങ്ങിയ സമയത്തിനുള്ളിൽ തീർപ്പാക്കണമെന്നോ ഉള്ള നിബന്ധനയിലേക്ക് വില്‍പ്പനക്കാര്‍ മാറിയതാണ് ഇന്ത്യയുമായുള്ള ഇടപാട് അലസിയതിന് കാരണമായി പറഞ്ഞിരുന്നത്. 

അതേസമയം, രാജ്യാന്തര എണ്ണ ഇടപാടുകളില്‍ രേഖകളിൽ പലപ്പോഴും ചരക്ക് ഇറക്കേണ്ട ഏകദേശ തുറമുഖങ്ങൾ മാത്രമേ നൽകാറുള്ളൂ എന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ലാഭവും പ്രവർത്തന സൗകര്യങ്ങളും പരിഗണിച്ച് ലക്ഷ്യസ്ഥാനങ്ങൾ മാറ്റുന്നത് പതിവാണെന്നും കേന്ദ്രത്തിന്‍റെ വിശദീകരണത്തിലുണ്ട്. ചരക്കിന് കൂടുതല്‍ വില ലഭിച്ചതിനാലാകാം കപ്പല്‍ ചൈനയിലേക്ക് യാത്ര ഗതിമാറ്റിയതെന്ന് ഷിപ്പിങ് രംഗത്തുള്ളവര്‍ പറഞ്ഞു. 

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ പതാകയുള്ള 'പിംഗ് ഷുൻ' എന്ന ക്രൂഡ് ഓയില്‍ ടാങ്കറാണ് ഇന്ത്യയിലേക്ക് എത്തേണ്ടിയിരുന്നത്. ഗുജറാത്തിലെ വദിനാർ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പൽ ഇപ്പോൾ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഡോങ്‌യിംഗ് തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. 6 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ വഹിക്കുന്ന കപ്പലാണിത്. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ തീരത്ത് എത്തിയേക്കാം എന്ന സൂചനയ്ക്കിടെയാണ് കപ്പല്‍ ഡോങ്‌യിംഗിലേക്ക് ലക്ഷ്യസ്ഥാനം മാറ്റിയത് എന്നാണ് കെപ്ലറിൽ നിന്നുള്ള ഡാറ്റ പ്രകാരമുള്ള വിവരം.

ENGLISH SUMMARY:

India's payment issues related to Iran oil imports are clarified by the central government, stating that the diversion of a ship carrying Iranian crude to China was not due to payment problems. The government emphasizes that Indian refineries continue to procure oil from Iran to ensure a smooth supply.