Representative Image

Representative Image

ഇറാന്‍ എണ്ണയുമായി ഇന്ത്യന്‍ തീരത്തേക്ക് വന്ന ക്രൂഡ് ഓയില്‍ ടാങ്കര്‍ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ പതാകയുള്ള 'പിംഗ് ഷുൻ' എന്ന ക്രൂഡ് ഓയില്‍ ടാങ്കറാണ് അപ്രതീക്ഷിതമായി ഗതിമാറ്റിയത്. ഗുജറാത്തിലെ വദിനാർ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പൽ ഇപ്പോൾ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഡോങ്‌യിംഗ് തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. 

6 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ വഹിക്കുന്ന കപ്പലാണ് വദിനാര്‍ തീരത്തേക്ക് സഞ്ചരിച്ചിരുന്നത്. ഏഴു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഇറാന്‍ ഓയില്‍ വാങ്ങാനുള്ള നടപടികളെടുത്തത്. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ തീരത്ത് എത്തിയേക്കാം എന്ന സൂചനയ്ക്കിടെയാണ് കപ്പല്‍ ഡോങ്‌യിംഗിലേക്ക് ലക്ഷ്യസ്ഥാനം മാറ്റുന്നതെന്നാണ്  കെപ്ലറിൽ നിന്നുള്ള ഡാറ്റ പ്രകാരമുള്ള വിവരം. പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളാകാം ഇതിന് പിന്നിലെന്നാണ് സൂചന. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ എണ്ണ വില ഉയര്‍ന്നതോടെയാണ് മാര്‍ച്ച് 21 നാണ് ഇറാന്‍ എണ്ണയ്ക്കുള്ള ഉപരോധം യു.എസ് നീക്കിയത്. ഒരു മാസത്തേക്കാണ് ഉപരോധത്തില്‍ ഇളവ് നല്‍കിയത്. ഇതോടെ കപ്പലുകളില്‍ ലോഡ് ചെയ്ത ഇറാന്‍ എണ്ണ വില്‍ക്കാനാണ് യു.എസ് അനുമതി നല്‍കിയത്. സമാനമായി റഷ്യന്‍ എണ്ണയ്ക്കും യു.എസ് ഇളവ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 2019 നു ശേഷം ഇറാന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. ഏത് ഇന്ത്യന്‍ റിഫൈനറിയാണ് കപ്പലിലെ എണ്ണ വാങ്ങാനിരുന്നത് എന്നതിലും വ്യക്തതയില്ല. 

അതേസമയം, ഉപരോധത്തിലുള്ള എണ്ണവില്‍ക്കുന്ന ഇത്തരം ഡാര്‍ക്ക് ഫ്ലീറ്റ് ടാങ്കറുകള്‍ സഞ്ചാര ദിശമാറ്റുന്നത് സാധാരണമാണ്. എവിടേക്കാണ് പോകുന്നതെന്ന് മനസിലാകാതിരിക്കാനും നിരീക്ഷണം ഒഴിവാക്കാനുമാണ് കപ്പലുകള്‍ ഈ രീതി പിന്തുടരുന്നത്. ചൈനയിലേക്കായിരുന്നുവെങ്കില്‍ കപ്പലിന് ഗുജറാത്ത് തീരത്തേക്ക് വരേണ്ടിയിരുന്നില്ല. അതിനാല്‍  'പിംഗ് ഷുൻ' തുടക്കത്തില്‍ വദിനാര്‍ തീരം ലക്ഷ്യമാക്കിയാണ് യാത്ര ആരംഭിച്ചിരുന്നതെന്ന് വ്യക്തം. മാത്രമല്ല, ഉപരോധത്തിന് ഇളവ് അനുവദിച്ച ഘട്ടത്തില്‍ ഈ രീതി പിന്തുടരേണ്ട ആവശ്യവും കപ്പലിന് ഇല്ലായിരുന്നു. 

ഇറാന്‍ എണ്ണയ്ക്ക് യു.എസ് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും പണമിടപാട് സംബന്ധിച്ച് വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.ഇറാനിലെ ബാങ്കുകള്‍ രാജ്യാന്തര പെയ്മെന്‍റ് സംവിധാനമായ സൊസൈറ്റി ഫോർ വേൾഡ്‌വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ (SWIFT) ന്‍റെ പരിധിയില്‍ നിന്നും പുറത്താണ്. അതിനാല്‍ മിക്ക ബാങ്കുകളും ഇറാനിയൻ സാമ്പത്തിക സംവിധാനവുമായുള്ള ഇടപാടുകളിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുണ്ട്. 

ENGLISH SUMMARY:

An Iran oil tanker initially headed for India's Vadinar port has been rerouted to China, raising questions about payment issues and the use of 'dark fleet' tactics. The tanker, carrying 6 lakh barrels of Iranian crude, changed its course unexpectedly after the US eased sanctions on Iranian oil.