സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോന് കനത്ത തിരിച്ചടി. നിർമ്മാണക്കമ്പനിയായ ആർ.എസ്. ഇൻഫോടെയ്ൻമെന്‍റിന് നൽകാനുള്ള വൻ തുക പലിശ സഹിതം തിരിച്ചുനൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അദ്ദേഹം സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ, 2010 മുതലുള്ള 4.25 കോടി രൂപയും അതിന്‍റെ 12 ശതമാനം വാർഷിക പലിശയും അദ്ദേഹം മടക്കി നൽകേണ്ടി വരും. ഇതിനു പുറമെ കോടതിച്ചെലവായി 12 ലക്ഷം രൂപയും നൽകാൻ ജസ്റ്റിസുമാരായ പി. വേൽമുരുകൻ, കെ. ഗോവിന്ദരാജൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
2008-ൽ ഗൗതം മേനോന്‍റെ 'ഫോട്ടോൺ ഫാക്ടറി'യും എൽറെഡ് കുമാറിന്‍റെ 'ആർ.എസ്. ഇൻഫോടെയ്ൻമെന്‍റും' തമ്മിലുണ്ടാക്കിയ കരാറാണ് ഈ നിയമക്കുരുക്കിന് ആധാരം. 'പ്രൊഡക്ഷൻ നമ്പർ 6' എന്ന തമിഴ് സിനിമ നിർമ്മിക്കുന്നതിനായി 13.5 കോടി രൂപ നിക്ഷേപിക്കാനായിരുന്നു ധാരണ. ഇതിന്‍റെ ഭാഗമായി 4.25 കോടി രൂപ ഗൗതം മേനോൻ കൈപ്പറ്റിയെങ്കിലും നിശ്ചിത സമയത്തിനകം സിനിമ പൂർത്തിയാക്കാൻ സാധിച്ചില്ല. കരാർ പ്രകാരം ചിത്രം നടക്കാതെ വന്നതോടെ 2013-ൽ നിർമ്മാണക്കമ്പനി നിയമനടപടി സ്വീകരിക്കുകയായിരുന്നു.
നേരത്തെ ഈ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, വാങ്ങിയ തുക മറ്റ് സിനിമകൾക്കായി ഉപയോഗിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ചിരുന്നു. എങ്കിലും കരാർ ലംഘനം നടന്നതിനാൽ പണം പലിശ സഹിതം തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ഗൗതം മേനോൻ നൽകിയ അപ്പീലാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. മമ്മൂട്ടി നായകനായ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' എന്ന ചിത്രത്തിന് ഒടിടിയിൽ മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് സംവിധായകനെ തേടി ഈ കോടതി വിധി എത്തുന്നത്.