euro-cup-ronaldo

2026 ഫിഫ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂറോ കപ്പ് പരാമര്‍ശം. 2016 ല്‍ യൂറോ കപ്പ് നേടിയത് തനിക്ക് ലോകകപ്പിന് തുല്യമായ നേട്ടമാണെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. താന്‍ വരുന്നതിന് മുമ്പ് ഒരു കിരീടം പോലും ഇല്ലാതിരുന്ന പോര്‍ച്ചുഗലിനെ മൂന്ന് തവണ ജേതാക്കളാക്കാന്‍ തനിക്ക് സാധിച്ചുവെന്ന് പറഞ്ഞ റൊണാള്‍ഡോ 2019, 2025 യുവേഫ നേഷന്‍സ് ലീഗ് കിരീട വിജയങ്ങളും തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് പറയുകയുണ്ടായി. എന്നാല്‍ ലോകകപ്പിനെ യൂറോകപ്പുമായി താരതമ്യം ചെയ്ത താരത്തിന്‍റെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. വിവാദങ്ങള്‍ക്കിടയില്‍ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് റൊണാള്‍ഡോയും.

യൂറോ കപ്പ് പരാമര്‍ശം നടത്തി ദിവസങ്ങൾക്കുള്ളിലാണ് താരത്തിന്‍റെ പോസ്റ്റ്. 2016-ലെ യൂറോ കപ്പ് വിജയത്തിന്റെ പത്താം വാർഷികം ആഘോഷിച്ചുകൊണ്ടാണ് റൊണാൾഡോ ഇൻസ്റ്റാഗ്രാമില്‍ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘Uma vitória de milhões!’ (മില്യണ്‍ മൂല്യമുള്ള വിജയം) എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. 2016 ജൂലൈ 11ന് പാരീസിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ അട്ടിമറിച്ചാണ് പോർച്ചുഗൽ ചരിത്രത്തിലാദ്യമായി ഒരു പ്രധാന രാജ്യാന്തര കിരീടം ചൂടിയത്. അന്ന് മത്സരത്തിന്റെ 25-ാം മിനിറ്റിൽ തന്നെ പരിക്കേറ്റ് റൊണാൾഡോയ്ക്ക് പുറത്തുപോകേണ്ടി വന്നെങ്കിലും എഡറുടെ അധികസമയ ഗോളിലൂടെ പോർച്ചുഗൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇതിനുശേഷം രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും പോർച്ചുഗൽ നേടിയിട്ടുണ്ട്.

റൊണാള്‍‍ഡോയുടെ പോസ്റ്റിന് ഇതിനകം 9.7 മില്യണ്‍ ലൈക്കും 3 ലക്ഷത്തിലധികം കമന്‍റും ലഭിച്ചിട്ടുണ്ട്. ഒരേസമയം പിന്തുണയും വിമര്‍ശനവും സോഷ്യല്‍ ലോകത്ത് പോസ്റ്റിന് ലഭിക്കുന്നുണ്ട്. യൂറോ കപ്പ് വിജയങ്ങളുടെ പ്രാധാന്യം കുറച്ചുകാണുന്നില്ലെങ്കിലും, രാജ്യാന്തര തലത്തിൽ ലോകകപ്പിന് ലഭിക്കുന്ന പരിഗണനയും പ്രൗഢിയും മറ്റൊരു ടൂർണമെന്റിനുമില്ല എന്നതാണ് ഫുട്ബോൾ വിദഗ്ധരുടെ അഭിപ്രായം. ലോകകപ്പ് ഒരിക്കലും നേടാനായിട്ടില്ലെന്ന യാഥാര്‍ഥ്യവും നാണക്കേടും മറച്ചുവയ്ക്കാനുള്ള ശ്രമമായിട്ടും ക്രിസ്റ്റ്യാനോയുടെ പോസ്റ്റിനേയും വാക്കുകളേയും വിമര്‍ശിക്കുന്നവരുമുണ്ട്.

ഫിഫ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരുഗോളിനാണ് പോര്‍ച്ചുഗലിനെ സ്പെയിന്‍ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയത്. പകരക്കാരനായെത്തിയ മൈക്കിള്‍ മെറീനോ ഇന്‍ജറി ടൈമില്‍ നേടിയ ഗോളാണ് വിശ്വകിരീടത്തിലെക്കുള്ള പോര്‍ച്ചുഗലിന്‍റെയും, റൊണാള്‍ഡോയുടെയും വഴിയടച്ചത്.

ENGLISH SUMMARY:

Cristiano Ronaldo has sparked intense debate after equating his 2016 Euro Cup triumph to a World Cup victory, following Portugal’s exit from the 2026 FIFA World Cup. While Ronaldo highlighted his contribution to Portugal winning one Euro title and two Nations League trophies (2019, 2025), his comments drew criticism from football pundits who argue that the World Cup holds unmatched global prestige. Adding fuel to the controversy, Ronaldo recently shared an Instagram post celebrating the 10th anniversary of the 2016 Euro win, garnering millions of likes despite the ongoing backlash. Critics interpret his statements as an attempt to downplay his failure to secure a World Cup title, though he continues to receive significant support from his fan base amidst the polarized public reaction.