haaland-kane

ചരിത്രത്തിലാദ്യമായാണ് നോർവേ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തുന്നത്. സെമിയില്‍ വമ്പന്‍മാരായ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ഇതിനകം തങ്ങളുടെ തനതായ 'വൈക്കിങ്' ആഘോഷങ്ങൾ കൊണ്ടും സൂപ്പർ താരം എർലിങ് ഹാളണ്ടിന്‍റെ മിന്നും പ്രകടനം കൊണ്ടും നോർവേ, ആരാധകരുടെ മനംകവർന്നു കഴിഞ്ഞു. നോർവേ തങ്ങളുടെ ആദ്യ ക്വാർട്ടർ ഫൈനൽ കളിക്കുമ്പോൾ, പതിനൊന്നാം തവണയാണ് ഇംഗ്ലണ്ട് അവസാന എട്ടിൽ ഇടംപിടിക്കുന്നത്. 1966-ൽ സ്വന്തം മണ്ണിൽ കിരീടം ചൂടിയ ഇംഗ്ലണ്ട്, 1990-ലും 2018-ലുമാണ് അവസാനമായി സെമിയിലെത്തിയത്. നാല് വർഷം മുമ്പ് ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ ഇംഗ്ലണ്ട്, ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

haaland

ഹാളണ്ട് എന്ന ‘ഗോള്‍ മെഷീന്‍’

ഗ്രൂപ്പ് I-ൽ ഫ്രാൻസിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത നോര്‍വേ തങ്ങളുടെ ആദ്യ രണ്ട് നോക്കൗട്ട് മത്സരങ്ങളിലും അവിശ്വസനീയമായ വിജയമാണ് സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളിലും വിജയനായകൻ ഹാളണ്ടായിരുന്നു. ഗോൾമുഖത്ത് എതിരാളികളുടെ പേടിസ്വപ്നം. ലോകകപ്പിലെ അരങ്ങേറ്റമാണെന്ന് പോലും തോന്നാത്ത വിധത്തിലുള്ള പ്രകടനമാണ് താരത്തിന്‍റേത്. റൗണ്ട് ഓഫ് 32-ൽ ഐവറികോസ്റ്റിനെതിരെ അവസാന നിമിഷം വിജയഗോൾ നേടിയ ഹാളണ്ട്, പ്രീ-ക്വാർട്ടറിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ ഇരട്ട ഗോളുകൾ നേടി ടീമിനെ ചരിത്രത്തിലേക്ക് നയിച്ചു. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ ഹാളണ്ട്, കിലിയൻ എംബപെക്കും ലയണൽ മെസ്സിക്കുമൊപ്പം ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും മുൻപന്തിയിലുണ്ട്. അതേസമയം, മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ഡിഫൻഡർ ക്വാൻസ പുറത്തിരിക്കും.

harry-kane-england

പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ട്

മറുഭാഗത്ത്, ഗ്രൂപ്പ് L-ൽ ക്രൊയേഷ്യ, ഘാന, പനാമ എന്നിവരെ മറികടന്ന് ഒന്നാം സ്ഥാനക്കാരായി എത്തിയ ഇംഗ്ലണ്ടാണുള്ളത്. ക്വാർട്ടർ ഫൈനലിലേക്കുള്ള യാത്രയിൽ കടുത്ത പോരാട്ടമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. റൗണ്ട് ഓഫ് 32-ൽ കോംഗോയ്ക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ഹാരി കെയ്‌നിന്റെ രണ്ട് അവസാന നിമിഷ ഗോളുകളിലൂടെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു. തുടര്‍ന്ന് പ്രീ-ക്വാർട്ടറിൽ മെക്സിക്കോയ്ക്കെതിരെ പത്ത് പേരുമായി പൊരുതിയാണ് ഇംഗ്ലണ്ട് 3-2 എന്ന സ്‌കോറിന് വിജയിച്ചത്. ജൂഡ് ബെല്ലിങ്ഹാം മത്സരത്തിൽ ഇരട്ട ഗോളുകളും നേടിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഹാരി കെയ്നും ജൂഡ് ബെല്ലിങ്മും ചേർന്നുള്ള ഇംഗ്ലണ്ടിന്റെ ആക്രമണനിര തികഞ്ഞ ഫോമിലാണ്. എന്നാൽ പ്രതിരോധനിരയിലെ പിഴവുകൾ ഇംഗ്ലണ്ടിന് ആശങ്ക സമ്മാനിക്കുന്നുണ്ട്. പ്രതിരോധത്തിലെ വിള്ളലുകൾ ഹാളണ്ടിനെ പോലൊരു ഗോളടി യന്ത്രത്തിന് എളുപ്പത്തിൽ മുതലെടുക്കാൻ സാധിക്കും.

‘സഹതാരങ്ങളുടെ’ ഏറ്റുമുട്ടല്‍

മാത്രമല്ല, നാളെ നടക്കുന്ന പോരാട്ടത്തിൽ ഒരേ ക്ലബ്ബുകളിൽ കളിക്കുന്ന പല താരങ്ങളും പരസ്പരം ഏറ്റുമുട്ടും. മാഞ്ചസ്റ്റർ സിറ്റിയിലെ ഹാളണ്ട്, ക്ലബ്ബിലെ തന്‍റെ സഹതാരങ്ങളായ നിക്കോ ഒറൈലിയെയും മാർക്ക് ഗുഹിയെയും ജോൺ സ്റ്റോൺസിനെയും നേരിടും. അതേസമയം, നോർവേ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് തന്റെ ആഴ്‌സണൽ സഹതാരങ്ങളായ ഡെക്ലൻ റൈസിനെയും ബുക്കായോ സാക്കയെയും നേരിടും. നോർവേയുടെ 26 അംഗ ടീമിലെ ഒമ്പത് താരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്നവരാണ്.

ലോകകപ്പിൽ നോർവേയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് ആദ്യമായാണ്. ഇതിനുമുമ്പ് 12 തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. 2014-ൽ വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ വെയ്ൻ റൂണിയുടെ പെനാൽറ്റി ഗോളിലൂടെ ഇംഗ്ലണ്ട് 1-0 ന് വിജയിച്ചിരുന്നു. അന്ന് കളിച്ച ജോർദാൻ ഹെൻഡേഴ്സണും ജോൺ സ്റ്റോൺസും ഇപ്പോഴും ഇംഗ്ലണ്ട് ടീമിലുണ്ട്. മത്സരത്തിൽ വിജയിക്കുന്നവർ ജൂലൈ 15-ന് അറ്റ്ലാന്റയിൽ നടക്കുന്ന സെമിഫൈനലിലേക്ക് യോഗ്യത നേടും. അർജന്റീന– സ്വിറ്റ്സർലൻഡ് മല്‍സരത്തിലെ വിജയികളായിരിക്കും സെമിയില്‍ എതിരാളികള്‍.

ENGLISH SUMMARY:

Norway makes history with its first-ever World Cup quarter-final appearance, set to face England in a highly anticipated clash. Led by the unstoppable Erling Haaland—who has netted seven goals in four matches—Norway's "Viking" spirit has captivated fans. In contrast, England reaches the quarter-finals for the 11th time, bolstered by the attacking prowess of Harry Kane and Jude Bellingham. The match features numerous subplots, notably the collision of club teammates, with Haaland facing Manchester City defenders and Norway captain Martin Ødegaard squaring off against his Arsenal colleagues. While England’s attack is in fine form, their defensive vulnerabilities pose a concern against a prolific scorer like Haaland. The winner will face the victor of the Argentina-Switzerland match in the semi-finals on July 15.