തൃശൂര്‍ എസ്.എന്‍.എ. ഔഷധശാലയില്‍ ആയുര്‍വേദ പഠനത്തിന് അര്‍ജന്‍റീനയില്‍ നിന്ന് എത്തിയതായിരുന്നു ഒന്‍പതംഗ വനിതാ സംഘം. മസാജിങ്ങും ആയുര്‍വേദ ചികില്‍സയും അടുത്തറിയാനാണ് എത്തിയത്. തൃശൂര്‍ ചുറ്റിക്കാണാന്‍ ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോയില്‍ മെസിയുടെ ചിത്രം. അര്‍ജന്‍റീനയുടെ പതാക. ഇറങ്ങാന്‍ നേരം ഡ്രൈവര്‍ ചോദിച്ചു. നിങ്ങള്‍ എവിടത്തുക്കാരാണ് ?. അര്‍ജന്‍റീനയെന്ന് കേട്ടപ്പോള്‍ ഡ്രൈവറുടെ മുഖത്ത് ഞെട്ടല്‍. എത്രയാണ് ഓട്ടോ ചാര്‍ജെന്നായി അവരുടെ അടുത്ത ചോദ്യം. നമ്മുടെ മെസിയുടെ നാട്ടുകാരുടെ പക്കല്‍ നിന്ന് ഓട്ടോ ചാര്‍ജ് വാങ്ങാനോ? ഓട്ടോക്കാരന്‍റെ അര്‍ജന്‍റീന പ്രേമം കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഗബ്രിയേലയും സംഘവും.
ഫിസിയോ തെറപ്പിസ്റ്റായ ഗബ്രിയേലയ്ക്കു മാത്രമേ ഇംഗ്ലിഷില്‍ സംസാരിക്കാന്‍ അറിയൂ. മറ്റുള്ളവരെല്ലാം സ്പാനിഷ് ആണ് സംസാരിക്കുന്നത്. വഴിനീളെ അര്‍ജന്‍റീനയുടെ ഫ്ളക്സും പതാകയും ബാനറുകളും കണ്ട് അന്തംവിട്ടിരിക്കുകയാണ് ഈ അര്‍ജന്‍റീന സംഘം. റൊസാരിയോ കണ്ടിട്ടുണ്ടോ? മെസിയുടേയും ഡിമരിയയുടേയും നാട്? തലമുറകളായി അര്‍ജന്‍റീന പ്രേമം കൊണ്ടുനടക്കുന്ന മലയാളികളുടെ വിശേഷങ്ങള്‍ കേട്ട് അത്ഭുതത്തോടെ നോക്കുകയാണ് ഇവര്‍. അര്‍ജന്‍റീനയുടെ തെരുവുകളേക്കാള്‍ മനോഹരമായി മെസിയുടേയും താരങ്ങളുടേയും കട്ടൗട്ടുകള്‍. ഇതെല്ലാം, മൊബൈലില്‍ ചിത്രീകരിച്ചു. നാട്ടില്‍ പോയി പറയണം. ഇന്ത്യയില്‍ കൊച്ചുകേരളമുണ്ട്. മൂന്നരക്കോടി ജനങ്ങളുള്ള നാട്. അവിടെ, അര്‍ജന്‍റീനയെ സ്നേഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. മിനി അര്‍ജന്‍റീനയാണ് കേരളം.
ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളികളോട് വലിയ ബഹുമാനമാണ് ഗബ്രിയേലയ്ക്കും സംഘത്തിനും. ഈജിപ്തുമായുള്ള കളി കണ്ടത് നെഞ്ചിടിപ്പോടെയാണ്. ഹൃദയം നിലച്ചുപോകുമോയെന്ന് ശങ്കിച്ച നിമിഷം. മറഡോണയുടെ കളി കണ്ട് അര്‍ജന്‍റീനയെ ഇഷ്ടപ്പെട്ടവരാണ് കൂടുതലെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷം. രണ്ടും മൂന്നും തലമുറകളായി അര്‍ജന്‍റീനയെ സ്നേഹിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഗബ്രിയേലയുടെ മുഖത്ത് സ്വന്തം നാടിനേയും കളിക്കാരേയും കുറിച്ച് അഭിമാനം. നാലരക്കോടി ജനങ്ങള്‍ മാത്രമുള്ള അര്‍ജന്‍റീനയിലുള്ളതിനേക്കാള്‍ ആരാധകര്‍ ഇന്ത്യയിലുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ കേരളത്തില്‍ നിന്നുള്ള അര്‍ജന്‍റീന ആരാധകരുടെ ദൃശ്യങ്ങള്‍ കണ്ട് ഇവരുടെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പറഞ്ഞു. ‘ഒരു ദിവസം വരണം ഈ കേരളത്തില്‍. അതും ലോകകപ്പ് ഫുട്ബോള്‍ സമയത്ത്’. നാട്ടില്‍ തിരിച്ചു ചെല്ലുമ്പോള്‍ കാണിച്ചുകൊടുക്കാന്‍ ഒട്ടേറെ വീഡിയോകള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. മെസിയുടെ നാട്ടിലേയ്ക്ക് മൂന്നു മണിക്കൂര്‍ യാത്ര ചെയ്യണം ഗബ്രിയേലയ്ക്കും സംഘത്തിനും.
റൊസാരിയോ കാണാന്‍ പോയ ഓര്‍മകളും അവര്‍ പങ്കുവച്ചു. മെസിയെ ദൈവത്തെ പോലെ കാണുന്ന കേരളത്തിലെ ആരാധകരേയും അവര്‍ക്കു വല്ലാതെ പിടിച്ചു. മെസി വീണ്ടും കപ്പുമായി അര്‍ജന്‍റീനയില്‍ എത്തുമോ? എല്ലാവരും ഒന്നിച്ചു ഒരു തീരുമാനമെടുത്തു. ആ ചോദ്യത്തിന് നമ്മുക്ക് ഉത്തരം പറയേണ്ട. നമ്മുടെ മനസിലുണ്ട് ആ ഉത്തരം. ഫൈനല്‍ കഴിയട്ടെ. അര്‍ജന്‍റീനക്കാരായി അഭിമുഖമെടുത്ത ശേഷം മടങ്ങാന്‍ നേരം ഞാനും വെളിപ്പെടുത്തി. അര്‍ജന്‍റീനയോടും മറഡോണയോടും മെസിയോടുമുള്ള ആരാധന.
അര്‍ജന്‍റീനയുടെ ജഴ്സിയിട്ട മക്കളുടെ ചിത്രങ്ങളും മൊബൈല്‍ ഫോണില്‍ കാണിച്ചു കൊടുത്തു. അര്‍ജന്‍റീനക്കാര്‍ ഈ ആരാധനയെല്ലാം ആസ്വദിക്കുന്നതിനിടെ ഞാനൊരു കാര്യം കൂടി അവരോട് പറഞ്ഞു. ‘ കാമറാമാന്‍ സുനില്‍കുമാര്‍ കടുത്ത ബ്രസീല്‍ ആരാധകനാണ്. മെസിയേയും അര്‍ജന്‍റീനയേയും അത്ര ഇഷ്ടമല്ല’. എല്ലാവരും കാമറാമാനെ നോക്കി ഒന്നിച്ച് ഉച്ചത്തില്‍ പറഞ്ഞു. ‘മെസി. മെസി. മെസി’.