england-fifa-ban

ക്വാര്‍ട്ടര്‍ഫൈനലിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി പ്രതിരോധതാരത്തിന് രണ്ടുമല്‍സരങ്ങളില്‍ നിന്ന് വിലക്ക്. മെക്സിക്കോയ്ക്കെതിരെ ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് ഫിഫയുടെ വിലക്ക്. 

 

മെക്സിക്കോയ്ക്കെതിരായ ലോകകപ്പ് പ്രീക്വാർട്ടർ വിജയത്തിനിടെ ചുവപ്പുകാർഡ് കണ്ട ഇംഗ്ലണ്ട് റൈറ്റ് ബാക്ക് ജാറെൽ ക്വാൻസയ്ക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്തി ഫിഫ. അപകടകരമായ രീതിയിൽ സ്ലൈഡിങ് ടാക്കിൾ നടത്തിയതിനാണ് വാര്‍ പരിശോധനയ്ക്ക് ശേഷം ചുവപ്പുകാര്‍ഡ് കിട്ടിയത്. രണ്ട് മത്സരങ്ങളില്‍ വിലക്ക് വന്നതോടെ നോർവേയ്ക്കെതിരായ ക്വാർട്ടർ ഫൈനലും, അതിൽ ജയിച്ചാൽ സെമി ഫൈനലും ക്വാൻസയ്ക്ക് നഷ്ടമാകും. ഇംഗ്ലണ്ട് ഫൈനലിലെത്തിയാൽ മാത്രമേ തിരിച്ചെത്താനാകൂ. 

 

ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് യുഎസ് സ്ട്രൈക്കർ ഫൊലാരിൻ ബലോഗന് ചുമത്തിയ ഒരു മത്സരത്തിലെ വിലക്ക് ഫിഫ പിൻവലിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് അപ്പീൽ നൽകാൻ ആലോചിച്ചിരുന്നു. രണ്ടുമല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ അപ്പീല്‍ ചെയ്യാനാകില്ല. ചാള്‍സ് രാജാവ് ഫിഫ പ്രസിഡന്റ് ഇന്‍ഫന്‍റിനോയെ ഫോണില്‍ വിളിക്കുമെന്ന് ഇംഗ്ലണ്ടിന് പ്രതീക്ഷിക്കാനും വയ്യ.  പരുക്കുമൂലം പ്രതിരോധനിരയിൽ ഇതിനകം പ്രതിസന്ധി നേരിടുന്ന ഇംഗ്ലണ്ടിന് വിലക്ക് കനത്ത പ്രഹരമായി വിലക്ക്. 

 

ടീമിലെ ഒന്നാം നമ്പർ റൈറ്റ് ബാക്കായ റീസ് ജയിംസ്, തുടയിലെ പരുക്കുകാരണം ഘാനയ്ക്കെതിരായ മത്സരത്തിനു ശേഷം കളത്തിലിറങ്ങിയിട്ടില്ല. പകരക്കാരനായിരുന്ന ടിനോ ലിവ്രാമെന്റോയാകട്ടെ, കാൽവണ്ണയ്ക്കേറ്റ പരുക്കിനെത്തുടർന്ന് ടൂർണമെന്റ് തുടങ്ങും മുൻപേ നാട്ടിലേക്ക് മടങ്ങി. പകരക്കാരനായി ഒരു റൈറ്റ് ബാക്കിനെ ടീമിലെടുക്കുന്നതിനു പകരം സെന്റർ ബാക്കായ ട്രെവോ ചലോബയെയാണ് ടൂഹൽ ടീമിലുൾപ്പെടുത്തിയത്. ഇതോടെ, സാധാരണയായി സെൻട്രൽ ഡിഫൻസിൽ കളിക്കുന്ന ക്വാൻസ, റീസ് ജയിംസിനു പകരക്കാരനായി റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുകയായിരുന്നു. ക്വന്‍സയ്ക്ക് പകരം ഫിറ്റ്നസ് വീണ്ടെടുത്ത ജെഡ് സ്പെന്‍സ് പ്ലെയിങ്ങ് ഇലവനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.  

ENGLISH SUMMARY:

England football player Jarrell Quansah has been banned for two matches by FIFA.