ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഫ്രഞ്ച് താരം കിലിയൻ എംബപെയ്ക്ക് പെനാൽറ്റി എടുക്കാൻ കാത്തിരിക്കേണ്ടി വന്നത് മൂന്ന് മിനിറ്റിലേറെ. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. സംഭവത്തില്‍ വിമര്‍ശനവും ശക്തമാകുകയാണ്.
മൊറോക്കോ ഡിഫെൻഡർ നൗസെയർ മസ്റൗയി പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് എംബാപ്പെയെ ഫൗൾ ചെയ്തതിനെത്തുടർന്നാണ് റഫറി ഫാകുണ്ടോ ടെല്ലോ പെനാൽറ്റി അനുവദിച്ചത്. എന്നാൽ, ഫൗൾ നടന്നതിന് മുൻപ് എംബപെ വീണിരുന്നോ എന്ന് പരിശോധിക്കാൻ വാര്‍ പരിശോധന ആവശ്യപ്പെടുകയായിരുന്നു. സാധാരണയായി വ്യക്തമായ ഒരു ഫൗളിൽ വാർ പരിശോധന സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കും. എന്നാൽ ഇവിടെ പരിശോധന നീണ്ടു.
ഇതോടെ പെനാൽറ്റിക്ക് സജ്ജനായി നിന്ന എംബപെയ്ക്ക് 3 മിനിറ്റ് 11 സെക്കൻഡാണ് കാത്തിരിക്കേണ്ടി വന്നത്. ഈ സമയത്ത് എംബപെ റഫറിയുമായി വാക്കുതര്‍ക്കം നടത്തുന്നതും കാണാമായിരുന്നു. പെനാൽറ്റി എടുക്കാൻ ഇത്രയും സമയം കാത്തിരിക്കേണ്ടി വന്നതിനെതിരെ നോർവേ താരം എർലിങ് ഹാളണ്ടും രംഗത്തെത്തി. ‘ഒരു പെനാൽറ്റി എടുക്കാൻ അഞ്ച് മിനിറ്റ് കാത്തിരിക്കേണ്ടി വരുന്നത് ഒട്ടും ശരിയല്ല’ എന്ന് ഹാളണ്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഒടുവിൽ പെനാൽറ്റി അനുവദിച്ചെങ്കിലും, എംബപെയുടെ കിക്ക് മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോനോ അത് തടുത്തിടുകയായിരുന്നു. ഷോട്ട് വളരെ ദുർബലമായിരുന്നു എന്നാണ് വിലയിരുത്തല്‍. താരം വേഗത്തിൽ ഓടിവന്ന് വലതുവശത്തേക്ക് പന്ത് അടിച്ചെങ്കിലും ബോനോ അത് അനായാസം കൈപ്പിടിയിലൊതുക്കി. പെനാൽറ്റി പാഴായതിലും ഈ കാലതാമസത്തിലും എംബപെ വ്യക്തമായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ഫുട്ബോള്‍ വിദഗ്ദരും പെനാല്‍റ്റി വൈകിയതിനെതിരെ രംഗത്തെത്തി. പെനൽറ്റി കിക്കിന് മുന്‍പ് ഗോൾകീപ്പറും പെനൽറ്റി ടേക്കറും തമ്മില്‍ ഒരു മാനസിക യുദ്ധം നടക്കുന്നു. അതിനാല്‍ അതിന് മുന്‍പുള്ള ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. കിക്കെടുക്കാൻ വൈകുന്തോറും ഗോൾകീപ്പർക്ക് പെനല്‍റ്റി ഷോട്ടിനായി ഒരുങ്ങുന്ന താരത്തിന്‍റെ ശരീരഭാഷ ശ്രദ്ധിക്കാനും തന്റെ തന്ത്രങ്ങൾ മെനയാനും കൂടുതൽ സമയം ലഭിക്കും. മാത്രമല്ല, ഇത് ഷോട്ടിനായി ഒരുങ്ങുന്ന താരത്തിലും സമ്മർദം വര്‍ധിപ്പിക്കും.