ലോകകപ്പിലെ റെഡ് കാർഡും തുടര്‍ന്നുള്ള വിലക്കിലും ഫിഫയുടെ നടപടികൾ വിവാദത്തിൽ. സമാനമായ ഫൗളുകൾക്ക് രണ്ട് താരങ്ങൾക്ക് വ്യത്യസ്ത ശിക്ഷ വിധിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ഗുരുതര ഫൗളിന് ചുവപ്പുകാർഡ് കണ്ട ഇംഗ്ലണ്ട് താരം ജാറെൽ ക്വാൻസയ്ക്ക് ഫിഫ രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. എന്നാല്‍ സമാനമായ ഫൗളിന് റെഡ് കാര്‍ഡ് കണ്ട് യുഎസ് താരം ഫൊലാരിൻ ബലോഗണിന്റെ വിലക്ക് മരവിപ്പിച്ചു.
മെക്സിക്കോക്ക് എതിരായ പ്രീക്വാർട്ടർ മല്‍സരത്തിലാണ് ക്വാൻസയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. താരത്തിന്റെ സ്ലൈഡിങ് ടാക്കിൾ വിഡിയോ അവലോകനത്തിൽ ഗുരുതര ഫൗൾ ആണെന്ന് കണ്ടെത്തി. തുടർന്ന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. ഇതിനെതിരെ അപ്പീൽ നൽകാനില്ലെന്ന് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ബോസ്നിയയ്ക്ക് എതിരായ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ച അമേരിക്കയുടെ ബലോഗണിന് ഒരു മത്സരത്തിലെ വിലക്കാണ് ആദ്യം വിധിച്ചത്. പിന്നീട് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലോടെ ഫിഫ ഈ വിലക്ക് മരവിപ്പിച്ചു.
അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരം ഒരു വർഷത്തേക്ക് നല്ലനടപ്പ് വ്യവസ്ഥയിൽ ബലോഗണിന്റെ വിലക്ക് മരവിപ്പിച്ചു എന്നാണ് ഫിഫ അറിയിച്ചത്. എന്നാൽ, എന്ത് കാരണത്താലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഫിഫ പരസ്യമായി വിശദീകരിച്ചിട്ടില്ല. ബലോഗണിന്റെ കേസ് പുനഃപരിശോധിക്കാൻ ഡോണൾഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയോട് വ്യക്തിപരമായി അഭ്യർഥിച്ചത് വിവാദത്തിന് ആക്കം കൂട്ടി. എന്നാൽ, ഈ സംഭാഷണം തങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഫിഫയുടെ നിലപാട്.
ക്വാന്‍സയും ബലോഗണും ചെയ്തത് ഏതാണ്ട് ഒരേപോലെയുള്ള കുറ്റങ്ങൾ. രണ്ട് ഫൗളുകളും കാഠിന്യത്തിന്റെയും ആക്രമണോത്സുകതയുടെയും കാര്യത്തിൽ ഏതാണ്ട് തുല്യമെന്നാണ് ഫിഫ മുന്‍ റഫറിയായ യോനസ് എറിക്സണിന്റെ അഭിപ്രായം. ബലോഗണിന്റെ ശിക്ഷ മരവിപ്പിച്ചത് ബെല്‍ജിയം ചോദ്യംചെയ്തെങ്കിലും ഫലം കണ്ടില്ല. ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ബ്രിട്ടീഷ് മാധ്യമങ്ങളടക്കം രംഗത്തെത്തി. ബലോഗണിന് ഇളവ് നൽകി ദിവസങ്ങൾക്കകം ക്വാൻസയുടെ വിലക്ക് ഫിഫ സ്ഥിരീകരിച്ചത് അനീതിയെന്ന് ഫുട്ബോള്‍ വിദഗ്ധരും പറയുന്നു. ഇത്തരം അനീതിക്കെതിരെ ഫിഫയ്ക്ക് ആര് കാര്‍ഡുനല്‍കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.