spain-vs-belgium

ഫിഫ ലോകകപ്പിൽ സെമി ലക്ഷ്യമിട്ട് സ്പെയിനും ബെൽജിയവും പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ എത്തിയ ഇരു ടീമുകളും നോക്കൗട്ട് ഘട്ടത്തിലും തങ്ങളുടെ കരുത്തറിയിച്ചാണ് ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുന്നത്. സെമിയിലേക്ക് കടക്കാൻ ഇരുടീമുകൾക്കും ഇത് നിർണ്ണായക മത്സരമാണ്.

2010നുശേഷം ഒരു ലോകകപ്പ് കിരീടം സ്വപ്നം കണ്ടാണ് സ്പെയിന്‍ ഇത്തവണ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ കാബോ വെര്‍ദയ്ക്കെതിരായ സമനില മാറ്റിനിര്‍ത്തിയാല്‍ കാര്യമായ പരുക്കുകളൊന്നും സ്പാനിഷുകാര്‍ക്കുണ്ടായിട്ടില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഒരുഗോളും വഴങ്ങിയില്ല എന്ന നേട്ടവുമുണ്ട്. ഓസ്ട്രിയയെ 3-0-ന് തകർത്ത് റൗണ്ട് ഓഫ് 32-ൽ ശ്രദ്ധേയമായ പ്രകടനമാണ് സ്പെയിൻ നടത്തിയത്. പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെതിരായ വാശിയേറിയ പോരാട്ടത്തിൽ ഇന്‍ജുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ലൂയിസ് ഡി ലാ ഫ്യൂവന്തെയുെ കീഴിൽ പെദ്രി, ഡാനി ഓൽമോ, ലമീൻ യമാൽ തുടങ്ങിയ യുവതാരങ്ങളും മധ്യനിരയിലെ കരുത്തൻ റോഡ്രിയുമാണ് സ്പെയിനിന്റെ വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചത്. ഗോള്‍ കണക്കില്‍ പിന്നിലാണെങ്കിലും ലമീന്‍ യമാലിനെ കേന്ദ്രീകരിച്ച് തന്നെയാണ് സ്പെയിന്‍റെ തന്ത്രങ്ങള്‍. അവശ്യഘട്ടത്തില്‍ പ്ലാന്‍ ബിയും സജ്ജം.

മറുഭാഗത്ത് സുവര്‍ണ തലമുറയുടെ പടിയിറക്കത്തിന് ശേഷമുള്ള വരാവാണ് ബെല്‍ജിയത്തിന്. തുടക്കത്തിൽ അല്പം പരുങ്ങിയെങ്കിലും, നോക്കൗട്ട് ഘട്ടത്തിൽ മികച്ച ഫോമിലാണ് ബെൽജിയം. റൗണ്ട് ഓഫ് 32-ൽ സെനഗലിനെതിരെ 2-0-ന് പിന്നിൽ നിന്ന ശേഷം 3-2-ന് ജയിച്ചുകയറിയത് ബെൽജിയത്തിന്റെ പോരാട്ടവീര്യത്തിന് തെളിവാണ്. തൊട്ടുപിന്നാലെ ആതിഥേയരായ അമേരിക്കയെ 4-1-ന് തകർത്ത് ബെൽജിയം ക്വാർട്ടറിലെത്തി. ചാൾസ് ഡി കെറ്റലെയറിന്റെ ഇരട്ടഗോളുകളാണ് പ്രീ-ക്വാർട്ടറിൽ ബെൽജിയത്തിന് കരുത്തായത്. കെവിൻ ഡി ബ്രൂയ്നെയുടെ നേതൃത്വവും തിബോ കോർട്ടുവയുടെ വിശ്വസനീയമായ ഗോൾകീപ്പിങും റൊമേലു ലുക്കാക്കുവിന്റെ ഗോളടി മികവും ബെൽജിയത്തിന്റെ വലിയ പ്രതീക്ഷയാണ്.

spain-team

സ്പെയിനിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വന്‍മതിലോ?

ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർ വലിയ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് സ്പെയിനും ബെൽജിയവും നേർക്കുനേർ വന്നിട്ടുള്ളത്. ആദ്യം ഏറ്റുമുട്ടിയത് 1986-ലെ ക്വാർട്ടർ ഫൈനലിലാണ്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബെൽജിയം സ്പെയിനിനെ തോൽപ്പിച്ചിരുന്നു. നിശ്ചിത സമയത്ത് ബെൽജിയത്തിനായി ജാൻ സ്യൂലമാൻസ് ലീഡ് നേടി. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ ഹുവാൻ സെനോർ സ്പെയിനിനായി സമനില പിടിച്ചു. എന്നാല്‍ അധികസമയത്തും വിജയഗോൾ പിറന്നില്ല. തുടര്‍ന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ബെൽജിയം വിജയിച്ചു. ലിയോ വാൻ ഡെർ എൽസ്റ്റ് നിർണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബെൽജിയത്തെ സെമിഫൈനലിലെത്തിക്കുകയായിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1990-ൽ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ 2-1-ന് ജയിച്ച് സ്പെയിൻ പകരം വീട്ടി. 2010ലെ കിരീടനേട്ടത്തിന് ശേഷം പ്രീക്വാര്‍ട്ടര്‍ കടക്കാനായിട്ടില്ല എന്നതില്‍ നിന്ന് പോര്‍ച്ചുഗലിനെ തോല്‍പിച്ച് സ്പെയിന്‍ ശാപമോക്ഷം നേടി. എന്നാല്‍ ക്വാര്‍ട്ടര്‍ഫൈനല്‍ ഒരു കടമ്പ തന്നെയാണ്. ആറ് തവണ ക്വാര്‍ട്ടര്‍ കളിച്ചിട്ടുണ്ടെങ്കിലും അവിടന്ന് മുന്നേറാന്‍ കഴിഞ്ഞത് രണ്ട് തവണ മാത്രം. 1950ലും 2010ലും. അതില്‍ 2010ല്‍ ചാംപ്യന്‍മാരുമായി. 2002ല്‍ ദക്ഷിണകൊറിയയോടും 94ല്‍ ഇറ്റലിയോടും ക്വാര്‍ട്ടറില്‍ തോറ്റു.

belgium-team

ഫൈനലിലെത്താത്ത ബെല്‍ജിയം

യൂറോപ്പില്‍ ആദ്യമായി ഫുട്ബോള്‍ കളിച്ചുതുടങ്ങിയ രാജ്യങ്ങളിലൊന്നാണ് ബെല്‍ജിയം. 1930 ലെ ആദ്യ ലോകകപ്പ് മുതല്‍ 15 തവണ ലോകകപ്പിലിടം നേടിയ ടീം പക്ഷേ ഒരിക്കലും ഫൈനലിലെത്തിയിട്ടില്ല. 2018 ലോകകപ്പിലെ മൂന്നാം സ്ഥാനമാണ് ഇതുവരെയുള്ളതില്‍ മികച്ചത്. ചരിത്രം പറയാനേറെയുണ്ടെങ്കിലും ലോകകപ്പില്‍ ചരിത്രം സൃഷ്ടിക്കാനാകാത്തതിന്റെ നിരാശ മായ്ക്കാന്‍ ഫിഫയുടെ സഹസ്ഥാപകര്‍ക്ക് കപ്പുയര്‍ത്തിയേ തീരൂ.

1906ല്‍ ചിരവൈരികളായ നെതര്‍ലന്‍ഡ്നെ തോല്‍പിച്ച ശേഷം ഒരു മാധ്യമപ്രവര്‍ത്തകനാണ് ടീമിന് ‘റെഡ് ഡെവിള്‍സ്’ എന്ന പേരുവിളിച്ചത്. പിശാചുക്കളെപ്പോലെ കഠിനമായി അധ്വാനിക്കുന്നു എന്നായിരുന്നു വിശേഷണം. പക്ഷേ, ആ അധ്വനത്തിന് സ്ഥിരതയില്ലായിരുന്നുവെന്നത് തിരിച്ചടിയായി. 1930 മുതല്‍ 1970 വരെ ലോകകപ്പുകളിലെ പ്രാഥമിക ഘട്ടങ്ങളില്‍ തന്നെ പുറത്താകാനായിരുന്നു വിധി. 1980കളിലെ ബെല്‍ജിയം ഫു‍ട്ബോളിന്റെ ആദ്യ സുവര്‍ണതലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന എൻസോ ഷിഫോ, ജാൻ കുലെമാൻസ്, നികോ ക്ലാസെന്‍ തുടങ്ങിയവരാണ് ടീമിനെ 1986 ലോകകപ്പിൽ സെമിഫൈനൽ വരെ എത്തിച്ചത്. എൻസോ ഷിഫോ മികച്ച യുവതാരമായി അന്ന് തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് 'ഓഫ്‌സൈഡ് ട്രാപ്പ്' പോലുള്ള തന്ത്രങ്ങൾ ഇതേ ടീം ഫുട്ബോളിന് സമ്മാനിച്ചത്. കെവിൻ ഡി ബ്രൂയിൻ, ഈഡന്‍ ഹസാർഡ്, റൊമേലു ലുക്കാക്കു തുടങ്ങിയ ലോകോത്തര താരങ്ങളിലൂടെ 2014 മുതലുള്ള കാലം ബെൽജിയം ഫുട്ബോളിന്റെ രണ്ടാം സുവര്‍ണകാലമായിരുന്നു.

ഫിഫ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ടീം 2018ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. ഒരു കാലത്ത് ഔദ്യോഗിക ടൂർണമെന്റുകളെക്കാൾ സൗഹൃദ മത്സരങ്ങളിൽ വലിയ ടീമുകളെ തോല്‍പിക്കാന്‍ ബെല്‍ജിയത്തിനായിരുന്നു. അങ്ങനെയാണ് ‘സൗഹൃദ മത്സരങ്ങളിലെ ലോകചാമ്പ്യന്മാർ’ എന്ന വിളിപ്പേര് വന്നത്. 2022 ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായ ടീം പുതിയൊരു പാതയിലാണ്. യുവത്വവും പരിചയസമ്പന്നതയും ഒത്തിണങ്ങിയ ടീമിന് സ്പെയിനിന്റെ കൗശലങ്ങളെ തടയാനുള്ള തന്ത്രങ്ങളുണ്ട്. അത് കളത്തിലെത്തിയാല്‍ സെമിയിലേക്ക് വഴി തെളിയും.

ENGLISH SUMMARY:

Spain and Belgium are set to lock horns in a high-stakes quarter-final battle at the 2026 FIFA World Cup, with both teams eager to secure a spot in the semi-finals. Spain enters the match with a solid defensive record, having conceded zero goals so far, led by the tactical brilliance of Luis de la Fuente and young talents like Lamine Yamal and Pedri. Conversely, Belgium has demonstrated immense resilience in the knockout stages, notably overcoming a two-goal deficit against Senegal and crushing the USA 4-1 to maintain their tournament momentum. Historically, the two sides share a complex rivalry, including a memorable 1986 quarter-final where Belgium edged past Spain in a penalty shootout. While Spain seeks to overcome their "quarter-final curse" to replicate their 2010 championship glory, Belgium is fighting to reach their first-ever World Cup final and validate their status as a global football powerhouse. With both teams boasting a blend of experience and youthful energy, the encounter promises to be a masterclass in tactical strategy and clinical finishing.