Image credit: AFP

Image credit: AFP

ലോകകപ്പ് ഫുട്ബോളിന്‍റെ സെമിയില്‍ ഫ്രാന്‍സ് കടന്നതിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുന്നു. ഫ്രാന്‍സിനായി എംബപ്പെ നേടിയ ആദ്യ ഗോള്‍ ഹാന്‍ഡ് ബോള്‍ ആണെന്നാണ് മൊറോക്കന്‍ കോച്ച് മുഹമ്മദ് ഔനാഹിയുടെ വാദം. ബില്‍ഡ് അപില്‍ ഹാന്‍ഡ് ബോള്‍ സാധ്യത പരിശോധിക്കാന്‍ വാര്‍ (വിഡിയോ അസിസ്റ്റന്‍റ് റഫറി) തയാറായില്ലെന്നാണ് ഔനാഹി ആരോപിക്കുന്നത്. അഡ്രിയന്‍ റാബിയോ പന്ത് കൈ കൊണ്ട് തൊട്ടുവെന്നും അതോടെ മൊറോക്കന്‍ താരങ്ങള്‍ മാറി നിന്നുവെന്നും ഇതോടെയാണ് എംബപെയ്ക്ക് ഗോളിന് വഴിയൊരുങ്ങിയതെന്നും ഔനാഹി പറയുന്നു. 

'പന്തില്‍ കൈ കൊണ്ടുള്ള സ്പര്‍ശം ഉണ്ടായതോടെ മൊറോക്കന്‍ താരങ്ങള്‍ കളി നിര്‍ത്തി. അത് ഹാന്‍ഡ് ബോള്‍ ആയിരുന്നുവെന്നതില്‍ തര്‍ക്കമില്ല' ഔനാഹി മാധ്യമങ്ങളോട് പറഞ്ഞു.  ' അത്  പറയേണ്ടതായിരുന്നോ എന്ന് എനിക്കറിയില്ല. അവസാനം അത് എംബപെയുടെ വ്യക്തിഗത ശ്രമമായി വിലയിരുത്തപ്പെടുകയും ഗോളായി മാറുകയും ചെയ്തു'- ഔനാഹി കൂട്ടിച്ചേര്‍ത്തു. 

കളിയുടെ 26–ാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി എംബപെയ്ക്ക് ഗോളാക്കാന്‍ കഴിഞ്ഞിരുന്നില്ല. 60–ാം മിനിറ്റിലാണ് നിലവില്‍ വിവാദമായി മാറിയ എംബപെയുടെ ഗോള്‍ പിറന്നത്. ആറു മിനിറ്റ് കഴിഞ്ഞതോടെ മൊറോക്കന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് എംബപെയുടെ പാസില്‍ നിന്നും ഉസ്മാന്‍ ഡെംബലെ ഗോള്‍ നേടുകയായിരുന്നു. 

ക്വാര്‍ട്ടറിലെ ഗോള്‍ നേട്ടത്തോടെ ഫ്രഞ്ച് ദേശീയ ടീമിനായി 100 ഗോളുകളില്‍ പങ്കാളിത്തമുള്ള താരമായി എംബപെ മാറി. 64 ഗോളുകളും, 37 അസിസ്റ്റുകളുമെന്നിങ്ങനെ 101 ഗോള്‍ പങ്കാളിത്തമാണ് എംബപെയ്ക്കുള്ളത്. ഈ ലോകകപ്പില്‍ എട്ടുഗോളും എംബപെ ഇതുവരെ നേടി. ഡെംബലെയാകട്ടെ ഒരു ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന  മൂന്നാമത്തെ ഫ്രഞ്ച് താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. എംബപെയും ജസ്റ്റ് ഫൊണ്ടേയ്നുമാണ് മറ്റ് രണ്ടുപേര്‍. 

സെമിയില്‍ കടന്നെങ്കിലും പെനല്‍റ്റി നഷ്ടമായതിന്റെ പരിഭവം ഫ്രഞ്ച് മാനേജര്‍  ദെഷാം മറച്ചുവച്ചില്ല. ' പെനല്‍റ്റി ഞങ്ങള്‍ പാഴാക്കി, ഗോളാക്കാമായിരുന്ന കുറച്ച് അവസരങ്ങളും നഷ്ടമാക്കി. പക്ഷേ എംബപെയുള്ളപ്പോള്‍ അതൊരു പ്രശ്മേയല്ല. അദ്ദേഹം ഒരിക്കലും സ്വയം സംശയിക്കാറില്ല. ഞങ്ങള്‍ ആഗ്രഹയിച്ചയിടത്താണ് ‍ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. കൂടുതല്‍ ഊര്‍ജസ്വലരായി അടുത്ത കളിയിലേക്ക് വരും'- എന്നായിരുന്നു ദെഷാമിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

The goal scored by Kylian Mbappé in the France-Morocco quarter-final match has ignited significant controversy. Morocco's coach, Mohamed Ounahi, alleges that Adrien Rabiot handled the ball in the build-up to the goal. He claims that the Moroccan players momentarily stopped play due to this perceived handball, which Mbappé subsequently exploited to score. The Moroccan camp is deeply dissatisfied that the Video Assistant Referee (VAR) failed to review the incident. Despite the controversy, this goal marked a historic milestone for Mbappé, who now has 100 goal involvements for the French national team. Amidst the disputes and the missed penalty, French manager Didier Deschamps maintained his confidence in the team's performance and their readiness for the semi-finals.