അമേരിക്കൻ കൂലിപ്പടയാളിയും ആറ് യുക്രെയിനികളും അറസ്റ്റിലായതില്‍ അന്വേഷണം തുടര്‍ന്ന് എന്‍ഐഎ. ഇനിയും കണ്ടെത്താനുള്ളത് എട്ട് യുക്രെയിനികളെയെന്ന് വിവരം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലെ സായുധ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കുന്നു.
യുഎസ് സൈനിക കരാർ സ്ഥാപനത്തിലെ മാത്യു വാൻഡൈക്കും ആറ് യുക്രെയിനുകളും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയിലെത്തിയത്. ഡല്‍ഹിയില്‍നിന്ന് അസമിലേക്കും അസമില്‍നിന്ന് മിസോറമിലേക്കും അവിടെനിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മ്യാന്‍മറിലേക്കും സംഘം പോയി. പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് മ്യാന്‍മറിനപ്പുറം ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. മിസോറമിലെയും മണിപ്പുരിലെയും സായുധ ഗ്രൂപ്പുകളെ ഇവര്‍ പരിശീലിപ്പിച്ചോ എന്നതടക്കം കാര്യങ്ങള്‍ അന്വേഷിക്കുന്നു. സംഘത്തിന് മതം പ്രധാന ഘടകമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് യുക്രെയിനികളാണ് പിടിയിലായതെങ്കിലും എട്ടുപേര്‍ക്കൂടി രാജ്യത്തുണ്ടോ, രാജ്യം വിട്ടോ എന്നതടക്കം എന്‍ഐഎ പരിശോധിക്കുന്നു. ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിൽ വിമത, സായുധ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനവും തന്ത്രപരമായ ഉപദേശങ്ങളും നൽകുന്നതിൽ വിദഗ്ധനാണ് മാത്യു വാൻഡൈക്ക്. ഡ്രോൺ യുദ്ധമുറകൾ, ജാമിങ്, സാങ്കേതികവിദ്യ, ആയുധങ്ങളുടെ അസംബ്ലിങ് എന്നിവയിൽ സംഘം വിദഗ്ധരാണ്. ഡല്‍ഹി, ലക്നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നാണ് ഏഴുപേരെയും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടാന്‍ റഷ്യന്‍ സഹായം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ യുഎസും യുക്രെയിനും നയതന്ത്ര ഇപെടല്‍ നടത്തുമോ എന്നതും ചോദ്യമാണ്. ഡല്‍ഹിയിലെ ഇരുരാജ്യങ്ങളുടെയും എംബസികള്‍ പ്രതികരിച്ചിട്ടുണ്ട്.