നടിയുമായുള്ള വിവാഹേതര ബന്ധം അറിഞ്ഞതിന് പിന്നാലെയാണ് വിജയ്‍യും ഭാര്യ സംഗീതയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. 2021 ഏപ്രിലിലാണ് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് കാര്യം സംഗീത അറിയുന്നതെന്നാണ് ചെങ്കല്‍പേട്ട് ജില്ലാ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. 1998 ജൂലായ് പത്തിനാണ് ഇരുവരുടെയും വിവാഹം യുകെയില്‍ വച്ച് നടന്നത്. ഓഗസ്റ്റ് 25 ന് ഹിന്ദു ആചാരപ്രകാരം എഗ്മേറിലും വിവാഹം നടന്നു.
വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയില്‍
സംഗീത വിവരം അറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് തുടക്കത്തിൽ ഉറപ്പുനൽകി. എന്നാല്‍ പശ്ചാത്താപമില്ലാതെ നടിയുമായി ബന്ധം തുടർന്നു. ഇത് തനിക്ക് മാനസിക വേദനയുണ്ടാക്കി. 2021 സെപ്റ്റംബറിലും 2022 ഫെബ്രുവരിക്കും ഇടയിലായി അഭിഭാഷകന്‍ മുഖേന പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. മക്കളുടെ പഠനവും മാനാസികാവസ്ഥയും പരിഗണിച്ചാണ് തുടര്‍ നടപടികള്‍ വൈകിപ്പിച്ചതെന്നും സംഗീത ഹര്‍ജിയില്‍ പറയുന്നു.
സംഗീത വിവരം അറിഞ്ഞ ശേഷവും വിജയ് നടിക്കൊപ്പം വിദേശ യാത്രകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ നടി സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിജയ് ഇവയെ എതിര്‍ക്കുകയോ തടയുകയോ ചെയ്തില്ല. ഇവ വ്യാപകമായി പ്രചരിച്ചതോടെ തനിക്കും മക്കള്‍ക്കും നാണക്കോടുണ്ടായതായും ഹര്‍ജിയില്‍ പറയുന്നു.
വിജയ് തന്നെ അവഗണിക്കാന്‍ തുടങ്ങിയെന്നും സാമൂഹിക, സിനിമ ജീവിതത്തില്‍ നിന്നും അകറ്റിയെന്നും ഹര്‍ജിയിലുണ്ട്. ഭാര്യ എന്ന നിലയിൽ താന്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങൾ വിജയ് പിൻവലിച്ചു. സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഞ്ചാരസ്വാതന്ത്ര്യം തടയുന്ന രീതിയിലുള്ള നിയന്ത്രണങ്ങളുമുണ്ടായെന്നും സംഗീത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിന്‍റെ നടപടികള്‍ക്കിടെ തെളിവുകള്‍ ഹാജരാക്കേണ്ടി വന്നാലോ വിജയ് ആരോപണങ്ങള്‍ നിഷേധിച്ചാലോ നടിയെ കേസില്‍ രണ്ടാം എതിര്‍കക്ഷിയായി ചേര്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.