vijay-samgeetha

 വിവാഹേതരബന്ധം ആരോപിച്ച് ഭാര്യ ചെങ്കൽപട്ടിലെ ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചതിനെത്തുടർന്ന് തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) തലവനുമായ വിജയ്  കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെയാണ് ഏതാനും വര്‍ഷം മുന്‍പ് ഭാര്യ സംഗീതയെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകള്‍ വിവാഹമോചന അപേക്ഷയ്ക്കുപിന്നാലെ വീണ്ടും ചര്‍ച്ചയാകുന്നത്.

2022ല്‍ സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ സംഗീതയെക്കുറിച്ച് വിജയ് സംസാരിച്ചത്. ‘എന്‍റെ കര്‍ക്കശക്കാരിയായ വിമര്‍ശക’ എന്നാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറുമായുള്ള സംസാരത്തില്‍ വിജയ് ഭാര്യയെ വിശേഷിപ്പിച്ചത്. തന്‍റെ പ്രഫഷണല്‍ തിരഞ്ഞെടുപ്പുകള്‍ ഭാര്യ സംഗീത സൂക്ഷമായി പിന്തുടരാറുണ്ടെന്നും വിജയ് അന്ന് പറഞ്ഞിരുന്നു. വിജയ് ഒരുപാട് ആളുകളുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോകാറില്ലെന്നും എന്നാല്‍ സംഗീതയുടെ അഭിപ്രായത്തെ മാനിക്കാറുണ്ടെന്നും കാരണം അവള്‍ അവനെ കണിശമായി നിരീക്ഷിക്കുന്നുവെന്നും വിജയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖറും ന്യൂസ് ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2021 മുതല്‍ വിജയിക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഈ ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും വിജയ് അത് തുടര്‍ന്നു എന്നുമാണ് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നത്. ഇത് വിശ്വാസവഞ്ചനയ്ക്ക് തുല്യമാണെന്നും അവര്‍ ആരോപിക്കുന്നു.  വിവാഹജീവിതം തിരിച്ചെടുക്കാനാകാത്ത വിധം തകരുകയും കടലാസില്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ് സംഗീത വിശേഷിപ്പിച്ചത്. കാല്‍നൂറ്റാണ്ട് പിന്നിട്ട  വിജയ്-സംഗീത ദാമ്പത്യത്തില്‍ 25 ഉം 20 ഉം വയസ്സ് പ്രായമായ രണ്ട് മക്കളുമുണ്ട് ദിവ്യ സാഷയും ജേസണ്‍ സഞ്ജയ്‌യും. 1998ല്‍ യു.കെയില്‍വച്ചാണ് സംഗീത സ്വര്‍ണലിംഗം വിജയുടെ ജീവിതസഖിയായത്. യു.കെയില്‍ ജനിച്ചുവളര്‍ന്ന സംഗീതയുടെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴ്വംശജരാണ്. യു.കെയില്‍ വ്യവസായിയായ പിതാവിന്‍റെ ശതകോടികള്‍ വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയായ സംഗീത വിജയ്‌യുടെ കടുത്ത ആരാധിക ആയിരുന്നു.

1996-ൽ ‘പൂവേ ഉനക്കാക’യുടെ വിജയത്തിന് ശേഷം വളർന്നുവരുന്ന താരമായിരുന്ന കാലത്താണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന സംഗീത വിജയിയെ കാണാനായി മാത്രം ഇന്ത്യയിലെത്തിയത്. ചെന്നൈ ഫിലിംസിറ്റിയില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംഗീതയുടെ സംസാരവും പെരുമാറ്റവും ഇഷ്ടമായ വിജയം ഒരുദിവസം അവളെ വീട്ടിലേക്ക് ക്ഷണിച്ചു. സംഗീതയുടെ ചെന്നൈയിലെ വീട് വിജയ്‌യുടെ വീടിനടുത്തായിരുന്നു. പിന്നീട് സംഗീതയെ വിജയിയുടെ മാതാപിതാക്കള്‍ക്കും ഇഷ്ടമായതോടെ വിജയ്‌യുടെ പിതാവ് ചന്ദ്രശേഖര്‍ സംഗീതയുടെ പിതാവ് സ്വര്‍ണ്ണലിംഗവുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് 1998 ജൂലൈ 10 ന് യുകെയിൽ വിവാഹം റജിസ്റ്റർ ചെയ്ത ദമ്പതികള്‍ പിന്നീട് 1999 ഓഗസ്റ്റ് 25 ന് ചെന്നൈയിൽ വച്ച് ഹിന്ദുമത വിശ്വാസിയായ സംഗീതയുടെ രീതിയില്‍ വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷവും തന്‍റെയും മക്കളുടെയും സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നല്‍കിയ കുടുംബിനിയാണ് സംഗീത വിജയ്ക്കൊപ്പം നിന്നത്. വിജയ് തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി ഉയര്‍ന്നപ്പോഴും സംഗീത ബിസിനസ് ഭാവി പോലും വിട്ട് കുടുംബിനിയായി സൗമ്യമായ പെരുമാറ്റമുള്ള താരപത്നിയായി ഒതുങ്ങിഞ്ഞു. ഒടുവിൽ തമിഴക വെട്രി കഴകത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വിജയ് ചുവടുവെച്ചതോടെയാണ് ഇരുവരുടെയും കുടുംബജീവിതത്തെക്കുറിച്ച് അതുവരെയില്ലാത്ത ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ അവയെല്ലാം സ്ഥിരീകരിക്കപ്പെടാത്ത കിംവദന്തികളായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് സംഗീതയുടെ വിവാഹമോചന അപേക്ഷയുടെ വാര്‍ത്ത പുറത്തുവന്നത്. വിജയ്–സംഗീത ദമ്പതികള്‍ കഴിഞ്ഞ രണ്ട് വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ തയ്യാറെടുക്കുന്ന വിജയ്‌ക്ക് വ്യക്തിപരമായ സംഭവവികാസങ്ങൾ നിര്‍ണായകമായേക്കുമെന്ന് തീര്‍ച്ച.

ENGLISH SUMMARY:

In a 2022 interview with Sun TV, Vijay spoke about Sangeetha during a conversation with director Nelson Dilipkumar, describing her as his 'strictest critic.' He noted back then that she meticulously follows his professional choices. Furthermore, Vijay's father and director, S.A. Chandrasekhar, had mentioned in an interview with News Glitz that while Vijay doesn't listen to many people, he deeply values Sangeetha's opinions because she observes his career with great precision