തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അവസാന സിനിമ ‘ജന നായകന്‍’ തിയറ്ററില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിപ്പാണ്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ, തിയറ്ററുകളിലെത്തുന്നതിന് മുന്‍പുതന്നെ ബോക്സ് ഓഫിസില്‍ തരംഗമായിക്കഴിഞ്ഞു. വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിങ് വഴി 30 കോടി രൂപയിലേറെ കലക്ട് ചെയ്തു. ഇന്ത്യയില്‍ മാത്രം ഇതുവരെ 15 കോടി രൂപയിലേറെയാണ് കലക്ഷന്‍. എന്നാൽ വിജയ് ഹിറ്റുകളായ 'ലിയോ', 'ദ് ഗോട്ട്' എന്നിവയുടെ അഡ്വാൻസ് ബുക്കിങ് റെക്കോർഡുകള്‍ മറികടക്കാന്‍ ഇതുവരെ ‘ജന നായകന്’ കഴിഞ്ഞിട്ടില്ല. നിയമസഭാതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ചിത്രത്തിന്‍റെ പകര്‍പ്പ് പുറത്തായത് ബോക്സോഫീസ് പ്രകടനത്തെ ബാധിച്ചുവെന്ന് കരുതണം.
ഇന്നുരാവിലെ വരെയുള്ള വിവരങ്ങൾ പ്രകാരം ഇന്ത്യയിലൊട്ടാകെ 15.09 കോടി രൂപയാണ് ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയതെന്ന് സാക്‌നിക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. തമിഴ് പതിപ്പ് മാത്രം 10.22 കോടി രൂപ നേടി. 4,17,636 ടിക്കറ്റുകളാണ് തമിഴ്നാട്ടില്‍ ബുക്ക് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ 6.74 കോടി, കർണാടകയില്‍ 4.88 കോടി, കേരളത്തില്‍ 1.80 കോടി എന്നിങ്ങനെയാണ് അഡ്വാന്‍സ് ബുക്കിങ് കലക്ഷന്‍. അതേസമയം തെലുങ്ക് (12.02 ലക്ഷം), ഹിന്ദി (29,210) പതിപ്പുകള്‍ക്ക് തണുപ്പൻ പ്രതികരണമാണ് റിലീസിന് മുന്‍പ് ലഭിക്കുന്നത്.
100 കോടി ഓപ്പണിങ് കിട്ടുമോ?
അഡ്വാന്‍സ് ബുക്കിങ് കലക്ഷന്‍ പ്രതീക്ഷിച്ച തോതില്‍ എത്തിയില്ലെങ്കിലും ഇപ്പോഴത്തെ പ്രധാനചര്‍ച്ച ‘ജനനായകന്‍’ ആദ്യദിവസം തന്നെ നൂറുകോടി ക്ലബില്‍ ഇടംപിടിക്കുമോ എന്നതാണ്. സാധ്യത തള്ളിക്കളയാനാവില്ലെന്ന് സിനിമാരംഗത്തെ നിരീക്ഷകര്‍ പറയുന്നു. സ്പോട്ട് ബുക്കിങ്ങും അവസാനനിമിഷങ്ങളില്‍ ആരാധകരുടെ തള്ളിക്കയറ്റത്തിനുള്ള സാധ്യതയുമാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ വിജയ് ചിത്രങ്ങള്‍ക്ക് ആദ്യദിനങ്ങളില്‍ ലഭിക്കുന്ന പിന്തുണ മറ്റാര്‍ക്കും പിന്നിലല്ല. ഇന്ത്യയ്ക്ക് പുറത്തും സമാനമായ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്.
'കൂലി'യുടെ റെക്കോർഡ് തകരുമോ?
നിലവിലെ സ്ഥിതിയില്‍ ആദ്യദിനം 80 മുതല്‍ 100 കോടി വരെ ആഗോള കലക്ഷനാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 50–60 കോടി രൂപയെങ്കിലും ലഭിച്ചേക്കും. റിലീസിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ ബുക്കിങ് തരംഗമുണ്ടാവുകയും തിയറ്ററുകളില്‍ നേരിട്ടെത്തുന്നവരുടെ എണ്ണം പ്രതീക്ഷിക്കുന്നതുപോലെ ഉയരുകയും ചെയ്താല്‍ ചിത്രം 100 കോടി ക്ലബിലെത്തിയേക്കും.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 'കൂലി' കൈവരിച്ച ആദ്യദിന ആഗോള കളക്ഷൻ റെക്കോർഡായ 151 കോടി രൂപ മറികടക്കാൻ ‘ജനനായക’ന് സാധിക്കുമോ എന്നാണ് ഇപ്പോൾ തമിഴ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. വിജയ്‌യുടെ കഴിഞ്ഞ രണ്ടു ചിത്രങ്ങളുടെ അഡ്വാൻസ് ബുക്കിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ 'ജനനായകൻ' അല്പം പിന്നിലാണ്:
2023ല്‍ പുറത്തിറങ്ങിയ ലിയോ മുൻകൂർ ബുക്കിങ്ങിൽ ഇന്ത്യയില്‍ നിന്ന് നേടിയത് 46.36 കോടി രൂപയായിരുന്നു. ആഗോളതലത്തിൽ നേടിയത് 148.5 കോടിയും. ദ് ഗോട്ട് (2024) മുൻകൂർ ബുക്കിങ്ങിൽ നേടിയത് ഇന്ത്യയില്‍ 29.83 കോടിയും ആഗോളതലത്തിൽ 126.32 കോടിയുമായിരുന്നു.
വൻതാരനിര, അനിരുദ്ധിന്റെ സംഗീതം
പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരെയ്ൻ, നാസർ തുടങ്ങി വമ്പന്‍ താരങ്ങളുടെ പട തന്നെ ജനനായകനില്‍ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചുകഴിഞ്ഞു.