തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മേശപ്പുറത്ത് കുരിശ് സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി ദ്രാവിഡ മുന്നേറ്റ കഴകം. മുഖ്യമന്ത്രി മതനിരപേക്ഷത പാലിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ വക്താവും മുൻ എംപിയുമായ ഡി.എൻ.വി. സെന്തിൽകുമാർ എക്സിൽ പങ്കുവെച്ച കുറിപ്പോടെയാണ് വിവാദം ഉടലെടുത്തത്.
സർക്കാർ ഓഫീസുകൾക്കുള്ളിൽ മതപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതും ആരാധനകൾ നടത്തുന്നതും കർശനമായി നിരോധിച്ചുകൊണ്ടുള്ള മുൻകാല ഗവൺമെന്റ് ഉത്തരവുകൾ ചൂണ്ടിക്കാണിച്ചായിരുന്നു സെന്തിൽകുമാറിന്റെ വിമർശനം.
'ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും 'ക്രമേണയും ആഡംബര രഹിതമായും' നീക്കം ചെയ്യണമെന്ന് ഉറപ്പാക്കാൻ 1968-ൽ മുഖ്യമന്ത്രി അണ്ണാദുരൈ എച്ച്ഒഡികൾക്ക് ഒരു സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ ജീവനക്കാർ ഓഫീസുകളിൽ ആരാധന നടത്തുന്നത് നിരോധിച്ചുകൊണ്ട് 'തമിഴ്നാട് ഓഫീസ് മാനുവലിൽ' ഭേദഗതി വരുത്തിക്കൊണ്ട് ജയലളിത 1993-ൽ ജി.ഒ. പുറപ്പെടുവിച്ചു. സെക്കുലറാകൂ വിജയ്' എന്നാണ് സെന്തില്‍ കുമാര്‍ കുറിച്ചത്.
തങ്ങളുടെ ഭരണം മതനിരപേക്ഷതയുടേയും സാമൂഹിക നീതിയുടേയും പുതിയ യുഗമായിരിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് പ്രസംഗിച്ചതും ഇതിനിടെ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ വിജയ്‌യോ ടിവികെയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.