മൂന്നുവയസ് മുതലുള്ള 33 കുട്ടികള്‍ക്കെതിരെ അതിക്രൂരമായ ലൈംഗികപീഡനം നടത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബന്ദ പോക്സോ പ്രത്യേക കോടതിയാണ് സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കണ്ടെത്തി കുറ്റക്കാര്‍ക്ക് വധശിക്ഷ വിധിച്ചത്.
രാംഭവന്‍, ദുര്‍ഗാവതി ദമ്പതികള്‍ക്കെതിരെ ലൈംഗിക പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, ചൈല്‍ഡ് പോണോഗ്രഫി, ക്രിമിനല്‍ ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ക്രൂരതയ്ക്കിരയായ ഒരോ കുട്ടിയുടേയും കുടുംബത്തിന് 10ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നും ദമ്പതികളില്‍ നിന്നും പണം പിടിച്ചെടുത്താല്‍ അത് കുട്ടികള്‍ക്ക് വീതിച്ചു നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2010 മുതല്‍ 2020 വരെയാണ് പ്രതികള്‍ കുഞ്ഞുകുട്ടികളെ അതിക്രമത്തിനു വിധേയരാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2020 ഒക്ടോബറിലാണ് സംഭവത്തില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്. 2021 ഫെബ്രുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിക്രൂരമായ രീതിയിലാണ് ദമ്പതികള്‍ കുട്ടികളെ ഉപദ്രവിച്ചതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
33 കുട്ടികളിലും രഹസ്യഭാഗങ്ങളില്‍ അതിഗുരുതരമായ പരുക്കുകളും മുറിവുകളും കണ്ടെത്തി. കണ്ണിനുള്‍പ്പെടെ ക്ഷതമേറ്റതായും സിബിഐ വ്യക്തമാക്കുന്നു. പ്രതികളുടെ ക്രൂരതയ്ക്ക് വിധേയരായ കുട്ടികള്‍ വര്‍ഷങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥ വന്നെന്നും കടുത്ത മാനസികാഘാതം സംഭവിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഡാര്‍ക് വെബിലൂടെ 47 രാജ്യങ്ങളിലേക്ക് പങ്കുവച്ചതായും സിബിഐ കണ്ടെത്തി.
ജലസേചന വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായിരുന്നു രാംഭവന്‍. തന്ത്രപരമായാണ് കുട്ടികളെ വലയിലാക്കുന്നത്. ഓണ്‍ലൈന്‍ വിഡിയോ ഗെയിമുകള്‍, പണം, സമ്മാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് കുട്ടികളെ പിടികൂടുന്നത്. ഇരകളായ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും കൃത്യമായ വൈദ്യപരിശോധനകളും നടത്തിവരികയാണ്.
വ്യത്യസ്ത ജില്ലകളിലായി നടന്ന ക്രൂരത അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ കണക്കാക്കാനാകൂവെന്ന് പോക്സോ കോടതി വിലയിരുത്തി. മരണശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷയും ഇവര്‍ക്ക് നല്‍കാനാവില്ലെന്നും കോടതി ശിക്ഷാവിധിക്കിടെ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്.