എഐ ഉച്ചകോടി നടത്തിപ്പിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം തുടരവെ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. ഉച്ചകോടി മികച്ചതാണെന്നും വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാമെന്നും തരൂര്‍ പറഞ്ഞു. തരൂരിന് കോണ്‍ഗ്രസ് നേതാക്കളാരും മറുപടി പറഞ്ഞിട്ടില്ല. എഐ ഉച്ചകോടി സംഘാടനത്തിലെ പാളിച്ചയും ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയുടെ ചൈനീസ് റോബോ നായ വരെ ഉന്നയിച്ച് രൂക്ഷവിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.  Also Read: 'പാത്രം കൊട്ടിയാല്‍ കൊറോണ വൈറസ് ചാവും'; മണ്ടന്‍ പ്രബന്ധത്തിന് പിന്നിലും ഗല്‍ഗോട്ടിയാസ് സര്‍വകലാശാല .

ഇതിനിടെ, പതിവുപോലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ശശി തരൂര്‍ രംഗത്തെത്തി. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാം, എന്നാല്‍ ഉച്ചകോടി വളരെ മികച്ചതെന്നാണ് ശശി തരൂരിന്‍റെ പ്രതികരണം. എന്നാല്‍, തരൂരിന് മറുപടിയുമായി ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും എത്തിയിട്ടില്ല. ചോദ്യങ്ങളില്‍നിന്ന് നേതാക്കള്‍ ഒഴിഞ്ഞുമാറി.

എഐ രംഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉന്നയിച്ചാണ് ശശി തരൂര്‍ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രംഗത്തെ സമീപനത്തില്‍ സര്‍ക്കാരിനൊപ്പമെന്നും പറഞ്ഞുവയ്ക്കുന്നു ശശി തരൂര്‍. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പാര്‍ലമെന്‍റില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.

അതേസമയം, എ.ഐ രംഗത്തെ ഉത്തരവാദിത്തവും രാജ്യാന്തര സഹകരണവും വളർത്താൻ ലക്ഷ്യമിട്ട എ.ഐ ഇംപാക്ട് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവും ഇന്ന് അംഗീകരിക്കും. എ.ഐ രംഗത്തെ പുരോഗതി വിലയിരുത്താനും മുൻഗണനകൾ ഏകോപിപ്പിക്കാനും ഇന്നും ചർച്ചകൾ നടക്കും. എഐ വികസനത്തിനായി ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും അംഗരാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തും.

വിവിധ ആഗോള ടെക് സ്ഥാപന പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളും തുടരും. ഡൽഹിയിൽ ഇന്നലെ തുടങ്ങിയ ഓദ്യോഗിക ഉച്ചകോടിയിൽ ഇരുപതിലേറെ രാഷ്ട്രത്തലവന്മാരും ലോകത്തെ എ ഐ രംഗത്തെ പ്രധാനികളും പങ്കെടുത്തു.  എപ്സ്റ്റിനെ ഫയൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിൽഗേറ്റ്സ് ഉച്ചകോടിക്ക് എത്തിയില്ല.  ഉച്ചകോടിയുടെ ഭാഗമായുള്ള എ ഐ എക്സ്പോ നാളെയും തുടരും.

ENGLISH SUMMARY:

While the Indian National Congress continues its sharp criticism against the AI Summit, Shashi Tharoor has come out supporting the event. Tharoor stated that the summit was extremely impressive and that minor issues are normal in such large-scale programs. He added that the participation of presidents, prime ministers, and other global leaders made the summit notable.