സിജെപിക്ക് നൽകിയ ഉറപ്പുകൾ ഇന്നുതന്നെ രേഖാമൂലം കൈമാറുമെന്ന് സർക്കാർ. ഇന്നലെ സിജെപി വാർത്താസമ്മേളനത്തിന് പിന്നാലെ സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി ഇക്കാര്യം ഉറപ്പുനൽകിയെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെ രാജ്യവ്യാപകമായി പൊലീസ് നടപടികള്‍ തുടരുന്നതില്‍ താക്കീതുമായി സിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കൊലപാതക കുറ്റമടക്കം ചുമത്തി പൊലീസ് മുന്നോട്ടു പോയതോടെയാണ് സിജെപി നിലപാട് കടുപ്പിച്ചത്.

പൊലീസ് നടപടി അവസാനിപ്പിച്ചെങ്കില്‍ ശക്തമായ തീരുമാനമെടുക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന ഉറപ്പിൽ നിന്നുള്ള സർക്കാരിന്‍റെ മാറ്റം വിശ്വാസവഞ്ചനയാണ്. വാഗ്ദാനങ്ങൾ നൽകുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സർക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി ഓർമ്മിപ്പിച്ചിരുന്നു. നൽകിയ ഉറപ്പുകൾ ഇന്ന് വൈകുന്നേരത്തിനുള്ളിൽ രേഖാമൂലം നൽകിയില്ലെങ്കിൽ പ്രതിഷേധം പുനരാരംഭിക്കാൻ നിർബന്ധിതരാകും എന്ന് സിജെപി വ്യക്തമാക്കിയിരുന്നു.

മൂന്നാംവട്ട കൂടിക്കാഴ്ചയിൽ ജെ.പി.നഡ്ഡ, ജിതേന്ദ്ര സിങ് എന്നീ കേന്ദ്ര മന്ത്രിമാർക്ക് സി.ജെ.പി കരട് ധാരണ സമർപ്പിച്ചിരുന്നു. നിയമപരമായ കൂടിയാലോചനകൾക്ക് ശേഷം ചൊവ്വാഴ്ചയ്ക്കകം അന്തിമമാക്കി പങ്കുവെക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. അത് നൽകിയില്ലെന്നു മാത്രമല്ല വിവിധ സംസ്ഥാനങ്ങളിൽ നടപടികളുമായി പൊലീസ് മുന്നോട്ടുപോയതോടെയാണ് സിജെപി അന്ത്യശാസനം നൽകിയത്. പിന്നാലെയാണ് സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി സിജെപിക്ക് വീണ്ടും ഉറപ്പ് നല്‍കിയത്.

അതേസമയം, ധർമ്മേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിലനിർത്താൻ അവസാന നിമിഷവും കേന്ദ്രം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജി തന്നെ വേണമെന്ന് നിലപാട് കടുപ്പിച്ചതോടെയാണ് കൈവിട്ടതെന്നാണ് വിവരം. പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തി. രാജി വൈകിയത് സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ ബാധിച്ചു. എന്നാൽ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഉണ്ടാകില്ല എന്നും വിലയിരുത്തലുണ്ട്.

അതേസമയം, ഇരയാക്കപ്പെടുന്നവർക്ക് നിയമസഹായം ഉറപ്പാക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ സഹായത്തോടെ സാക്ഷി എന്ന വെബ് സൈറ്റും സിജെപി ആരംഭിച്ചു. നിയമപ്രകാരമുള്ള എല്ലാ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ഒപ്പം ഉണ്ടാകുമെന്നും ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സിജെപി ആണെന്നും കപിൽ സിബൽ പറഞ്ഞു. സാക്ഷി വെബ്സൈറ്റിലേക്ക് നിരവധി പേരാണ് സന്ദേശങ്ങൾ അയക്കുന്നത്.

ENGLISH SUMMARY:

The central government has assured CJP that all commitments regarding protester actions will be provided in writing today following intense ultimatums. CJP had threatened to resume demonstrations after police across various states pressed murder charges against protesters despite earlier assurances. The political crisis deepened following the resignation of Dharmendra Pradhan, with BJP admitting handling failures impacted its image. Additionally, CJP launched the Sakshi legal aid website with senior advocate Kapil Sibal to assist victims. This comprehensive report covers the evolving political and legal standoff between CJP and the government.