ritu

TOPICS COVERED

കാൽനൂറ്റാണ്ട് നീണ്ട ശിവസേനയുടെ ആധിപത്യം തകർത്ത് മുംബൈ കോർപ്പറേഷനിൽ ബിജെപി നേതൃത്വം നൽകുന്ന മഹായൂതി സഖ്യം അധികാരത്തിലേക്ക്. ബിജെപിയുടെ ആദ്യ വനിതാ മേയറായി ഋതു താവ്ഡെ നാളെ ചുമതലയേൽക്കും. 44 വർഷത്തിന് ശേഷമാണ് മുംബൈ മേയർ സ്ഥാനത്തേക്ക് ഒരു ബിജെപി പ്രതിനിധി എത്തുന്നത്. കടുത്ത സമ്മർദങ്ങൾക്കും ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കുമൊടുവിൽ, ശിവസേന ഷിൻഡെ വിഭാഗത്തിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകിയാണ് അധികാര പങ്കിടലിൽ ഒത്തുതീർപ്പായത്.

ആഴ്ചകളോളം നീണ്ട അനിശ്ചിതത്വങ്ങൾക്കും ബിജെപി–ഷിൻഡെ വിഭാഗം തർക്കങ്ങൾക്കുമൊടുവിലാണ് മഹായൂതി സഖ്യത്തിനുള്ളിൽ സമവായമുണ്ടായത്. റിസോർട്ട് രാഷ്ട്രീയത്തിന് ക്ലൈമാക്‌സ് കുറിച്ചത്, ഡെപ്യൂട്ടി മേയർ സ്ഥാനം ഷിൻഡെ വിഭാഗത്തിന് നൽകികൊണ്ടാണ്. ഇതോടെ താൽക്കാലികമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെങ്കിലും, സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് ഷിൻഡെ പക്ഷം ഇപ്പോഴും സമ്മർദ്ദം തുടരുകയാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകും. അതേസമയം, മത്സര രംഗത്ത് നിന്ന് മഹാവികാസ് അഘാഡി സഖ്യം വിട്ടുനിന്നു.

ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും കോൺഗ്രസും ശരത് പവാർ പക്ഷം എൻസിപിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചില്ല. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും ഉദ്ധവ് വിഭാഗം വ്യക്തമാക്കി. 1997 മുതൽ തുടർച്ചയായി 25 വർഷം മുംബൈ ഭരിച്ച ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക്, 2022-ലെ പാർട്ടി പിളർപ്പിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണിത്.

ENGLISH SUMMARY:

BJP has won the Mumbai Corporation, ending Shiv Sena's 25-year dominance and leading the Maha Yuti alliance to power. Ritu Tawde will be sworn in as the first woman Mayor of Mumbai tomorrow, marking a significant shift in the city's political landscape after 44 years.