ഹാക്കുകളുടെയും ഡിജിറ്റല്‍ തട്ടിപ്പുകളുടെയും വാര്‍ത്തകള്‍ കേട്ട് ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് കരുതി നില്‍ക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ കരുതലിന്‍റെ അളവ് ഒന്ന് കൂട്ടാം. ഒരൊറ്റ ലിങ്ക് കൊണ്ട് യുവാവിന്‍റെ ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടിലെ പണം തട്ടിയെടുത്തെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തട്ടിപ്പാകട്ടെ ഫേസ്ബുക്ക് ഗ്രൂപ്പ് ഉപയോഗിച്ചും.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കിലൂടെ നോക്കുന്നതിനിടെ 32കാരനായ യുവാവ് യുവതികളുടെ ആകര്‍ഷണീയമായ ചിത്രങ്ങളുള്ള ഒരു ഗ്രൂപ്പ് കാണുകയായി. കൗതുകം തോന്നിയ യുവാവ് ഗ്രൂപ്പില്‍ കയറുകയും ഇഷ്ടപെട്ട ചിത്രങ്ങളിലൊന്ന് വ്യക്തമായി കാണാന്‍ ക്ലിക്ക് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഉടനെ യുവാവിന്‍റെ ഫോണ്‍ ചൂടാവുകയായിരുന്നു. തുടര്‍ന്ന് ബാങ്കില്‍ നിന്ന് അക്കൗണ്ടിലുണ്ടായിരുന്ന 70000 രൂപ പിന്‍വലിച്ചെന്ന് ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വന്നു. തട്ടിപ്പിനിരയായി താനെന്ന് വ്യക്തമായ യുവാവ് ഉടന്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന ദേശീയ പോര്‍ട്ടലില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പേര് വെളിപ്പെടുത്താത്ത ഒരാള്‍ക്കെതിരെ തട്ടിപ്പിന് കേസെടുക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.