mumbai-cjp-protest

TOPICS COVERED

  • സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചില്‍ പിടിച്ച് പൊലീസുദ്യോഗസ്ഥന്‍. മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ സിവില്‍ വസ്ത്രത്തിലുള്ള പൊലീസുദ്യോഗസ്ഥനാണ് യുവതിയെ അക്രമിച്ചത്.

സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചില്‍ പിടിച്ച് പൊലീസുദ്യോഗസ്ഥന്‍. മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ സിവില്‍ വസ്ത്രത്തിലുള്ള പൊലീസുദ്യോഗസ്ഥനാണ് യുവതിയെ അക്രമിച്ചത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടി ആവശ്യപ്പെട്ടു. വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. 

പൊലീസ് നടപടിക്കിടെ യുവതിയെ പിന്നില്‍ നിന്നും പൊലീസുകാരന്‍ പിടിക്കുന്നതാണ് വിഡിയോ. ആള്‍കൂട്ടത്തിലേക്ക് തിരിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ നെഞ്ചിലേക്ക് പൊലീസുദ്യോഗസ്ഥന്‍റെ കൈ പോകുന്നത് വിഡിയോയില്‍ കാണാം. സഹായത്തിനായി മറ്റു ഉദ്യോഗസ്ഥരെ ഇയാള്‍ കൈവീശി വിളിക്കുന്നതും വിഡിയോയിലുണ്ട്. ആരോപണം മുംബൈ പൊലീസ് തള്ളി. പ്രചരിക്കുന്ന വിഡിയോ ഉന്നത പൊലീസുദ്യോഗസ്ഥര്‍ പരിശോധിച്ചതായും യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവതി അതില്‍ ഇടപെടുന്ന ഭാഗം തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഡിസിപി അക്ബര്‍ പത്താന്‍ പറഞ്ഞു. 

വനിതകളെ നേരിടാന്‍ പുരുഷ പൊലീസിനെ ഉപയോഗിക്കുന്നത് സ്വീകര്യമല്ലെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് എംപി വര്‍ഷ ഗെയ്‍ക് വാദ് ആവശ്യപ്പെട്ടു. സിജെപി പ്രതിഷേധത്തിന് പിന്തുണ അര്‍പ്പിച്ച് മുംബൈയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളോട് ലഹരികേസില്‍പ്പെടുത്തുമെന്നും ജയിലിലാക്കുമെന്നും ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോ വൈറലായിരുന്നു.  

ENGLISH SUMMARY:

A video showing a plainclothes male police officer grabbing a young woman from behind during a CJP protest in Mumbai has gone viral, triggering widespread outrage. Opposition parties, including Congress MP Varsha Gaikwad, demanded strict action against the officer, condemning the use of male police personnel to handle female protesters.