nolan-movie

ലോക സിനിമയുടെ അമരക്കാരന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഇന്ത്യാ സന്ദര്‍ശനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ഹോമറുടെ ഗ്രീക്ക് ഇതിഹാസ കാവ്യം ‘ഒഡീസി’ക്ക് ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന ചലച്ചിത്ര ഭാഷ്യം 'ദ് ഒഡീസി', ജൂലൈ 17 ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ആഗോള പ്രീമിയർ ടൂറിന്‍റെ ഭാഗമായാണ് ഇന്ത്യയിലെ പ്രീമിയറിന് നോളന്‍ അടങ്ങുന്ന സംഘം മുംബൈയില്‍ എത്തുന്നത്. ഫീനിക്സ് പല്ലാഡിയത്തിലുള്ള പിവിആർ ഐക്കൺ ഐമാക്സിലാണ് പ്രീമിയർ ഷോ. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നോളന്‍റെ വരവ് ഇന്ത്യന്‍ ബോക്സോഫീസില്‍ ചലനം സൃഷ്ടിക്കുമെന്നാണ് നിരീക്ഷണം. 

ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതികളിലൊന്നാണ് 24 ഭാഗങ്ങളുള്ള മഹാകാവ്യം, ഒഡീസി. പത്തുവർഷം നീണ്ട ട്രോജൻ യുദ്ധത്തിന് ശേഷം ഇറ്റാക്കയിലെ രാജാവ് ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഇതിവൃത്തം. മനുഷ്യന്‍റെ ഇച്ഛയും ദൈവീക കല്‍പ്പനയും തമ്മിലുള്ള പോരാട്ടം ആധാരമായ കൃതി. ഒട്ടേറെ സിനിമകള്‍ക്കും സീരിസുകള്‍ക്കും ഇത് പ്രമേയമായിട്ടുണ്ട്. അതില്‍നിന്നൊക്കെ എന്ത് വ്യത്യാസമാണ് ക്രിസ്റ്റഫര്‍ നോളന്‍റെ സിനിമാറ്റിക് രൂപം എന്ന ചര്‍ച്ചയിലാണ് ആസ്വാദകര്‍. ചിത്രത്തിന്‍റെ ട്രെയിലറും ടീസറും ലോകമാര്‍ക്കറ്റില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഈ എപ്പിക് ആക്ഷൻ ഫാന്‍റസിയിൽ നടൻ മാറ്റ് ഡാമണാണ് ഒഡീസിയസിന്‍റെ വേഷമിടുന്നത്. സ്പൈഡര്‍ മാന്‍ താരം ടോം ഹോളണ്ട്, ആനി ഹാത്‍വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.  

nolan-cinema

2023ല്‍ പുറത്തിറങ്ങിയ 'ഓപ്പൺഹൈമറി'നുശേഷം ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന പ്രൊജക്ടാണ് ദ് ഒഡീസി. മികച്ച സംവിധായകനുള്ള ആദ്യ ഓസ്കര്‍ പുരസ്കാരവും നോളന്‍ സ്വന്തമാക്കി. വയലന്‍ അധികമായതിനാല്‍ ചിത്രത്തിന് ‘ആർ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 17 വയസിന് താഴെയുള്ളവര്‍ സിനിമ കാണാന്‍ രക്ഷിതാക്കള്‍ക്കൊപ്പം വരണം എന്നാണ് ഇതിനര്‍ഥം. ‘ഓപ്പൺഹൈമറി’നും ‘ആർ’ സർട്ടിഫിക്കേഷനാണ് ലഭിച്ചത്. എന്നിട്ടും ബോക്സ് ഓഫീസിൽ 100 കോടി യുഎസ് ഡോളറിന്‍റെ കലക്ഷൻ നേടി, ‘ഓപ്പണ്‍ഹൈമര്‍’ ചരിത്രം കുറിച്ചിരുന്നു. പക്ഷേ 2026 ലെ ഏറ്റവും വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന ‘ഒഡീസി’ക്ക് ഈ റേറ്റിങ് തിരിച്ചടിയാകുമോയെന്ന ആശങ്ക ശക്തമാണ്. നിര്‍മാണച്ചെലവിലും ‘ദ് ഒഡീസി’ ചരിത്രം കുറിച്ചിരുന്നു. 250 മില്യന്‍ യുഎസ് ഡോളറാണ് ഇതിന് ചെലവിട്ടത്. 'ജോക്കർ: ഫോളി എ ഡ്യൂക്സ്', 'ഡെഡ്പൂൾ & വോൾവറിൻ' എന്നീ ചിത്രങ്ങള്‍ക്കും മുകളില്‍ ഏറ്റവും ചെലവേറിയ ആർ-റേറ്റഡ് സിനിമയായി അത് മാറി. പൂർണമായും ഐമാക്സ് ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ സിനിമ കൂടിയാണിത്.  2008 ല്‍ ‘ദ് ഡാർക്ക് നൈറ്റി’ലെ ചില ആക്‌ഷൻ സീക്വൻസുകളിലാണ് നോളൻ ആദ്യമായി ഐമാക്സ് ഫോർമാറ്റ് ഉപയോഗിച്ചിരുന്നു.  പിന്നീട്  'ഇൻസെപ്ഷൻ', 'ഇന്‍റര്‍സ്റ്റെല്ലാർ', 'ടെനെറ്റ്' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചു.

'ഇൻസെപ്ഷൻ', 'ഡൻകിർക്ക്', 'ടെനെറ്റ്', 'ഡാർക്ക് നൈറ്റ് ട്രൈലോജി' തുടങ്ങിയ ചിത്രങ്ങളിലൂടെ ലോക സിനിമാ ചരിത്രത്തില്‍ നോളന്‍ സൃഷ്ടിച്ച ആരാധകസംഘത്തില്‍ ഇന്ത്യക്കാര്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യയിലെ ബോക്സോഫീസ് കലക്ഷന്‍ ലക്ഷ്യമിട്ടു തന്നെയാണ് നോളന്‍റെ ഇന്ത്യാ പര്യടനം. 2018 ൽ മുംബൈയിൽ നടന്ന 'റീഫ്രെയിമിംഗ് ദി ഫ്യൂച്ചർ ഓഫ് ഫിലിം' കാംപെയ്നില്‍ നോളന്‍ പങ്കെടുത്തിരുന്നു. സെല്ലുലോയിഡ് സിനിമ സംരക്ഷിക്കുന്ന വിഷയത്തില്‍ അന്ന് അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ഷാരൂഖ് ഖാൻ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുമായി അദ്ദേഹം ചര്‍ച്ചകളും നടത്തി.

തന്‍റെ രണ്ട് സിനിമകളില്‍ നോളന്‍ ഇന്ത്യന്‍ ലാന്‍ഡ്സേക്പ് പകര്‍ത്തിയിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങിയ ഹിറ്റ് സൂപ്പർ ഹീറോ ചിത്രം ‘ദ് ഡാർക്ക് നൈറ്റ് റൈസസി’ന്‍റെ ചില ഭാഗങ്ങൾ രാജസ്ഥാനിലെ ജോധ്പൂരിലെ മെഹ്‌റാൻഗഡ് ഫോർട്ടിൽ ചിത്രീകരിച്ചിരുന്നു. 2019-ൽ ഡിംപിൾ കപാഡിയ, ഡെൻസിൽ സ്മിത്ത് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ അണിനിരത്തി ഒരുക്കിയ ‘ടെനെറ്റി’ന്‍റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചതും മുംബൈയിലാണ്. ലോകസിനിമയില്‍ത്തന്നെ പുതിയൊരു കാഴ്ചാനുഭവം ഒരുക്കിയാണ് ഇടവേളയ്ക്കു ശേഷം ഹിറ്റ്മേക്കര്‍ ഇന്ത്യയിലേത്ത് എത്തുന്നത്. മുംബൈയ്ക്കു പുറമേ ലണ്ടൻ, പാരീസ്, ന‍്യൂയോർക്ക് എന്നിവിടങ്ങളിലും ‘ദ് ഒഡീസി’ പ്രീമിയര്‍ ചെയ്യും.

ENGLISH SUMMARY:

Christopher Nolan's 'The Odyssey' is set to release on July 17th, with a special premiere planned in Mumbai as part of its global tour. This highly anticipated film, based on Homer's epic poem, marks Nolan's return to filmmaking after 'Oppenheimer' and boasts an all-star cast, generating significant excitement among fans worldwide, including in India.