the-odyssey-kamal-haassan
  • 2018 ൽ മുംബൈയില്‍ കമൽ ഹാസനും ക്രിസ്റ്റഫർ നോളനും കണ്ടുമുട്ടിയിരുന്നു. അവരുടെ കൂടിക്കാഴ്ചയിൽ ഇരുവരുടെയും സിനിമകളെക്കുറിച്ച് സംസാരിക്കുകയും ചലച്ചിത്ര നിർമ്മാണത്തോടുള്ള ഇഷ്ടം പങ്കുവെക്കുകയും ചെയ്തിരുന്നു

വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ക്രിസ്റ്റഫര്‍ നോളന്‍റെ ഹോളിവുഡ് ചിത്രം 'ദി ഒഡീസി'യെ പുകഴ്ത്തി ഉലകനായകന്‍.  ജൂലൈ 17 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിലെ നേട്ടത്തിനൊപ്പം മികച്ച നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. മാറ്റ് ഡാമൺ നായകനായെത്തി, 13 ദിവസംകൊണ്ട് ഇന്ത്യയില്‍ നിന്നുമാത്രം 150 കോടിയിലധികം കളക്ഷന്‍ നേടിയ ദി ഒഡീസിയെക്കുറിച്ച് 'നിര്‍ബന്ധമായും കാണേണ്ട സിനിമ' എന്നാണ്  ഇന്‍സ്റ്റഗ്രാം പേജില്‍ കമല്‍ഹാസന്‍ കുറിച്ചത്. 

'ഹോമർ അത് സ്വപ്നം കണ്ടു. നോളൻ അതിന് ധൈര്യപ്പെട്ടു. ഞാൻ അതിനെ അഭിനന്ദിച്ചു. സിനിമയുടെ മക്കളേ, ഈ ചിത്രം യുഗങ്ങളുടെതാണ്. തീർച്ചയായും കാണണം!' എന്നായിരുന്നു ദി ഒഡീസിയെ പ്രശംസിച്ച് കമല്‍ഹാസന്‍ കുറിച്ചത്.  ഓസ്കർ പുരസ്കാരം നേടിയ 'ഓപ്പൺഹൈമറി'ന് ശേഷം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ദി ഒഡീസി' ചലച്ചിത്ര ഇതിഹാസമായാണ് നിരൂപരും പ്രശംസിക്കുന്നത്. കമല്‍ഹാസന്‍ അടക്കം നിരവധി പേരാണ് ക്രിസ്റ്റഫര്‍ നോളനേയും ചിത്രത്തേയും പ്രശംസിച്ച് രംഗത്തു വന്നിട്ടുള്ളത്. 

സിനിമയുടെ പ്രീമിയറിനായി സംവിധായകന്‍ ക്രിസ്റ്റഫർ നോളന്‍, നിർമ്മാതാവ് എമ്മ തോമസ്, നടന്മാരായ മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവരുടെ സംഘം ജൂലൈയിൽ മുംബൈ സന്ദർശിച്ചു. ഈ സമയത്ത്, 2018 ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ കമല്‍സാഹനുമായി നടത്തിയ ക്രിസ്റ്റഫര്‍ നോളന്‍റെ കൂടിക്കാഴ്ച വീണ്ടും ചര്‍ച്ചയായിരുന്നു. 2018 ൽ മുംബൈയിലാണ് കമൽ ഹാസനും ക്രിസ്റ്റഫർ നോളനും കണ്ടുമുട്ടിയത്. അവരുടെ കൂടിക്കാഴ്ചയിൽ ഇരുവരുടെയും സിനിമകളെക്കുറിച്ച് സംസാരിക്കുകയും ചലച്ചിത്ര നിർമ്മാണത്തോടുള്ള ഇഷ്ടം പങ്കുവെക്കുകയും ചെയ്തിരുന്നു. 2017 ൽ പുറത്തിറങ്ങിയ നോളന്‍റെ  'ഡൻകിർക്ക്' എന്ന ചിത്രത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. 2015 ൽ റിലീസായ, താന്‍ നായകനായ  ക്രൈം ത്രില്ലർ ചിത്രം 'പാപനാശം' നോളന്‍ കണ്ടിരുന്നുവെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടതായും കമൽ മുന്‍പ് എക്സ് ഹാൻഡിൽ  വെളിപ്പെടുത്തിയിരുന്നു. നോളനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. 

ലോക സിനിമയില്‍ തന്നെ 'ദി ഒഡീസി' നാഴികക്കല്ലായി മാറിയിരിക്കുകയാണ്.  പൂർണമായും ഐമാക്സ് ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്. വിഖ്യാത ഗ്രീക്ക് എഴുത്തുകാരന്‍ ഹോമറിന്‍റെ ഇതിഹാസ ഗ്രീക്ക് പുരാണം ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളന്‍ ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. 

ട്രോജൻ യുദ്ധത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസ്, തന്‍റെ സൈന്യത്തോടൊപ്പം നടത്തിയ ഒരു പതിറ്റാണ്ട് നീണ്ട അപകടകരമായ യാത്രയാണ് ദി ഒഡീസിയുടെ പ്രമേയം. മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവര്‍ക്കൊപ്പം  ആനി ഹാത്തവേ, റോബർട്ട് പാറ്റിൻസൺ, സെൻഡായ തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 

250 മില്യൺ ഡോളർ ബജറ്റില്‍ ഒരുക്കിയ ദൃശ്യവിസ്മയം ആഗോള ബോക്സ് ഓഫീസിൽ 700 മില്യൺ ഡോളറും കഴിഞ്ഞ് കളക്ഷനില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 12 ദിവസങ്ങൾക്കുള്ളിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായി മാറുകയും ചെയ്തു ദി 'ഒഡീസി'. 

ENGLISH SUMMARY:

The Odyssey movie has earned widespread critical acclaim and significant box office success, prompting praise from renowned actor Kamal Haasan. Christopher Nolan's latest directorial venture, a visually stunning adaptation of Homer's epic, has been hailed as a must-watch cinematic achievement.