ലോകത്താകമാനം ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. സിനിമ സ്വപ്നം കാണുന്ന ആയിരങ്ങള്‍ നോളനെ തങ്ങളുടെ ആരാധനാ പാത്രമായി കാണുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സത്യജിത് റേയുടെ വലിയ ആരാധകനാണ് താനെന്ന് നോളന്‍ പലകുറി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സത്യജിത് റേയുടെ ദി അപു ട്രൈലോജി ലോകത്തെ എക്കാലത്തെയും മികച്ച ചലച്ചിത്ര സൃഷ്ടികളില്‍ ഒന്നാണെന്ന് പറയുകയാണ് ക്രിസ്റ്റഫര്‍ നോളന്‍.
ന്യൂയോർക്കിലെ ക്രൈറ്റീരിയൻ കളക്ഷനിലെ പ്രശസ്തമായ സ്റ്റോറേജ് റൂമായ ഐക്കണിക് ക്രൈറ്റീരിയൻ ക്ലോസറ്റ് സന്ദർശിക്കവെയാണ് നോളന്‍ ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച ആയിരത്തിലധികം ചലച്ചിത്രങ്ങൾ ഇവിടെയുണ്ട്. അതിന്‍നിന്നാണ് സത്യജിത് റേയുടെ ദി അപു ട്രൈലോജി അദ്ദേഹം തിരഞ്ഞെടുത്തത്.
സത്യജിത് റേയുടെ മികച്ച സൃഷ്ടികളില്‍ ഒന്നാണ് ദി അപു ട്രൈലോജി എന്നും എന്നാല്‍ അതിലെ പഥേർ പാഞ്ചാലി മാത്രമാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും ക്രിസ്റ്റഫര്‍ നോളന്‍ പറഞ്ഞു.
'ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംവിധാകരിലൊരാളാണ് സത്യജിത് റായി. ദി അപൂ ട്രൈലോജി അദ്ദേഹത്തിന്‍റെ മഹത്തായ സൃഷ്ടിയാണ്. അതിലെ ആദ്യ സിനിമയായ പഥേർ പാഞ്ചാലി ഗംഭീരമായ ചലച്ചിത്രാനുഭവമാണ്. എന്റെ മനസിനെ ആ സിനിമ വളരെയധികം സ്വാധീനിച്ചു. അതിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ കാണാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആ കഥ മുഴുവനായി കണ്ടുതീർക്കാൻ ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്..' ക്രിസ്റ്റഫര്‍ നോളന്‍ പറയുന്നു.
ദി അപു ട്രൈലോജി കൂടാതെ തന്നെ സ്വാധീനിച്ച മറ്റ് സിനിമകളെ കുറിച്ചും നോളന്‍ സംസാരിച്ചിക്കുന്ന വീഡിയോ ക്രൈറ്റീരിയൻ കളക്ഷന്‍ പുറത്തുവിട്ടിരുന്നു.