the-oddyssey-ramayanam

TOPICS COVERED

ക്രിസ്റ്റഫർ നോളന്റെ സിനിമ ‘ദി ഒഡീസി’യെ രാമായണവുമായി താരതമ്യം ചെയ്ത് ഇന്ത്യന്‍ പ്രേക്ഷകര്‍. നോളന്റെ ചിത്രം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയാവുന്നതിനിടെയാണ് രണ്ട് കഥകളുടെ സാമ്യങ്ങള്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. രാമായണത്തിലും മഹാഭാരതത്തിലുമുള്ള വില്ലൊടിക്കുന്ന രംഗമാണ് ഏറ്റവും വലിയ സാമ്യതയായി ചൂണ്ടിക്കാണിക്കുന്നത്. 

‘ദി ഒഡീസി‘യില്‍ തന്റെ ഭാര്യ പെനലോപ്പിയെ തിരിച്ചുപിടിക്കാനായി ഒഡീസിയസ് വേഷപ്രച്ഛന്നനായി വരികയും, അവിടെയുള്ള മറ്റാർക്കും കുലയ്ക്കാൻ പോലും കഴിയാത്ത ഒരു ഭീമൻ വില്ല് എടുത്ത് കുലയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ രാമായണത്തിലെ സീതാ സ്വയംവരത്തോടാണ് പലരും ഉപമിക്കുന്നത്. അവിടെയുണ്ടായിരുന്ന മറ്റ് രാജകുമാരന്മാർക്കൊന്നും ചലിപ്പിക്കാൻ പോലും കഴിയാത്ത ശിവധനുസ്സ് ശ്രീരാമൻ എടുത്ത്, കുലച്ച്, ഒടുവിൽ അത് ഒടിക്കുകയാണ് ചെയ്യുന്നത്. 

രണ്ട് നായകന്മാരും നാട്ടിലേക്കെത്താന്‍ കഠിനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ട്രോജൻ യുദ്ധത്തിന് ശേഷം രാജാവായ ഒഡീസിയസ് തന്റെ ജന്മനാടായ ഇത്താക്കയിലേക്ക് മടങ്ങാൻ പത്ത് വർഷത്തോളം സമുദ്രങ്ങളിലൂടെ യാത്ര ചെയ്യുകയും, ഭീകര ജീവികളോടും ദൈവകോപത്തോടും പോരാടുകയും ചെയ്യുന്നുണ്ട്. ശ്രീരാമൻ 14 വർഷത്തെ വനവാസത്തിന് പോവുകയും, വനങ്ങളിലൂടെ സഞ്ചരിച്ച്, ഒടുവിൽ സീതയെ വീണ്ടെടുക്കാൻ സമുദ്രത്തിന് കുറുകെ പാലം പണിത് രാവണനോട് യുദ്ധം ചെയ്യുകയും ചെയ്യുന്നു. അതിനുശേഷമാണ് അദ്ദേഹം അയോധ്യയിലേക്ക് മടങ്ങുന്നത്.

തടവിലാക്കപ്പെട്ട രാജ്ഞിമാർ രണ്ട് കഥകളിലും തങ്ങളുടെ ഭർത്താക്കന്മാരോട് വിശ്വസ്തത പുലർത്തുന്നവരാണ്. രാമായണത്തിൽ ലങ്കയിൽ രാവണന്റെ തടവിലായിരുന്നിട്ടും സീത രാവണന്റെ പ്രലോഭനങ്ങളെല്ലാം നിരസിക്കുന്നു. ഒഡീസിയിൽ പെനലോപ്പിയും തന്റെ കൊട്ടാരത്തിൽ വച്ച് തന്നെ നിരന്തരം ശല്യം ചെയ്യുന്ന വിവാഹാഭ്യർത്ഥനക്കാരെ നിരസിക്കുന്നുണ്ട്. സാമ്യതകള്‍ ചിലര്‍ ചര്‍ച്ചയാക്കുമ്പോള്‍ ഒഡിസി രാമായണത്തിന്‍റെ കോപ്പിയടിയാണെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. 

നിതേഷ് തിവാരിയുടെ 'രാമായണം' സിനിമ റിലീസിനൊരുങ്ങുമ്പോഴാണ് ഒഡിസിയുടെ രാമായണം ചര്‍ച്ചകളെന്നതും ശ്രദ്ധേയമാണ്. രൺബീർ കപൂർ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'രാമായണം' ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും.  സായ് പല്ലവി, യഷ്, രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. 

ENGLISH SUMMARY:

Indian audiences have sparked vibrant online discussions comparing Christopher Nolan's latest film, The Odyssey, to elements of the ancient Indian epics the Ramayana and Mahabharata. Viewers specifically highlighted striking plot parallels, such as the protagonist stringing an unyielding giant bow to reclaim his loyal wife, similar to Lord Rama's Sita Swayamvara. Additionally, both narratives feature arduous homecoming journeys filled with severe obstacles, long-standing separations, and devoted wives resisting outside suitors. While some social media users playfully claim that the Western epic resembles the Ramayana, these debates have gained extra momentum ahead of Nitesh Tiwari's upcoming big-budget adaptation of the Ramayana.