സാങ്കേതികവിദ്യയെ ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ അതിന്റെ അടിമകളാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളോടാണ് പ്രധാനമന്ത്രിയുടെ ഉപദേശം. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഓരോ വിദ്യാര്‍ഥിയും സംഭാവന നല്‍കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പരീക്ഷ, ജീവിത നൈപുണ്യം, മാനസികാരോഗ്യം എന്നീ മൂന്ന് വിഷയങ്ങളിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച. പഠിപ്പിക്കുകയല്ല, വിദ്യാര്‍ഥികളില്‍നിന്ന് അറിവുനേടുകയാണ് താനെന്ന് പ്രധാനമന്ത്രി. വിവിധ നഗരങ്ങളിലെ കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു.

സാങ്കേതികവിദ്യ നമ്മളെ നിയന്ത്രിക്കരുതെന്നും എന്നാല്‍ സാങ്കേതിക വിദ്യയെ ഉപകരണമായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി. അച്ചടക്കമില്ലെങ്കിൽ, എത്ര പ്രചോദനമുണ്ടായാലും പ്രയോജനമില്ല. വിദ്യാർഥികള്‍ കൂടുതല്‍ യാത്ര ചെയ്യണം. ട്രെയിൻ കംപാര്‍ട്ട്മെന്‍റുകളിലെ യാത്രകളില്‍ ജനക്കൂട്ടത്തെ നിരീക്ഷിക്കണം. അത് വിലപ്പെട്ട ജീവിത പാഠങ്ങൾ നല്‍കും. അതിവിപുലമായ വൈവിധ്യത്തിന്റെ നാടാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെക്കുറിച്ച് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി. വിദ്യാർഥികൾ വ്യവസായ പ്രഫഷണലുകളെ സമീപിക്കണമെന്നും അവർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പരീക്ഷാ പേ ചര്‍ച്ചയുടെ ഒന്‍പതാം എഡിഷന്‍റെ രണ്ടാമത്തെ എപ്പിസോഡായിരുന്നു ഇത്തവണ.

ENGLISH SUMMARY:

Pariksha Pe Charcha saw Prime Minister Narendra Modi advising students not to fear technology but also not to become its slaves, emphasizing its use as a tool for a developed India. He encouraged students to contribute to India's development, learn from diverse experiences, and engage with professionals to understand various industries.