വനിതാ സംവരണ–മണ്ഡല പുനര്‍നിര്‍ണയ ബില്ലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെ.സി വേണുഗോപാല്‍ എംപി.  മോദി നാടകം കളിക്കുകയാണെന്നും മണ്ഡല പുനര്‍നിര്‍ണയത്തെപ്പറ്റി ഒന്നും പറ​ഞ്ഞില്ലെന്നും കെ.സി വേണുഗോപാല്‍ ലോക്സഭയില്‍ പറഞ്ഞു. 2010ല്‍ വനിതാസംവരണം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വേണെന്ന് പ്രതിപക്ഷം  ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അതിന് തയാറായില്ലെന്ന് കുറ്റപ്പെടുത്തി. ബില്ലുകള്‍ പാസാക്കുന്നതിലല്ല സര്‍ക്കാരിന്‍റെ താല്‍പ്പര്യമെന്നും മറിച്ച് പ്രതിപക്ഷം എതിര്‍ത്തുവെന്ന് സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യമെന്നും കെ.സി ആരോപിച്ചു. 

Also Read: ‘ക്രെഡിറ്റ് നിങ്ങള്‍ എടുത്തോളൂ, സംവരണം നടപ്പായാല്‍ മതി’; ലോക്സഭയിൽ പ്രധാനമന്ത്രി

അതേസമയം ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ ഭരണപക്ഷം രംഗത്തുവന്നു. വിഷയത്തില്‍ പ്രതിപക്ഷനേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് മാറ്റണമെന്നാണ് ഭരണപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

മണ്ഡല പുനർനിർണയത്തെച്ചൊല്ലി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉയർത്തുന്ന ആശങ്കകളിൽ വ്യക്തമായ ഉറപ്പും ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ ഇടപെട്ട് സംസാരിക്കവെ പ്രധാനമന്ത്രി നൽകി. 40 മിനിറ്റ് നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പ്രസംഗത്തിൽ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രതിപക്ഷത്തിൻറെ ശക്തമായ എതിർപ്പിനിടെ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരണത്തിന് അനുമതി ലഭിച്ചത്. 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. നാളെ വൈകിട്ട് നാലിന് ബില്ലുകളിൻമേൽ വോട്ടെടുപ്പ് നടക്കും.

Women's Reservation Bill Debate Intensifies in Lok Sabha | ‘വനിതാ സംവരണ ബില്ലില്‍ മോദി നാടകം കളിക്കുന്നു; മണ്ഡല പുനര്‍നിര്‍ണയത്തെപ്പറ്റി ഒന്നും പറഞ്ഞില്ല':

The Lok Sabha witnessed a heated debate on the Women's Reservation Bill and the Delimitation Bill, with KC Venugopal MP criticizing Prime Minister Narendra Modi for his perceived theatrics and lack of commitment to delimitation. The government, however, emphasized that those opposing the bill will not be forgiven by the women of the country.